അഭ്യൂഹങ്ങള്‍ക്കു വിരാമം; കെജ്‌രിവാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല

Posted on: January 13, 2019 11:40 pm | Last updated: January 13, 2019 at 11:40 pm

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കു വിരാമം. വാരണാസി മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ചേക്കുമെന്ന് വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍, അങ്ങനെയൊരു തീരുമാനം ആം ആദ്മി അധ്യക്ഷന്‍ എടുത്തിട്ടില്ലെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗ് വ്യക്തമാക്കി. പകരം വാരണാസിയില്‍ ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

സംസ്ഥാനത്തെ ഭരണകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാലാണ് കെജ്‌രിവാള്‍ മത്സര രംഗത്തു നിന്ന് മാറിനില്‍ക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഗോവ, ഹരിയാന എന്നിവിടങ്ങളിലും യു പിയില്‍ ചിലയിടത്തും എ എ പി മത്സരിക്കും. സംസ്ഥാനത്ത് കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും വിദ്യാഭ്യാസം, ആരോഗ്യം, കൃഷി തുടങ്ങിയ മേഖലകള്‍ വികസിപ്പിക്കാനും പാര്‍ട്ടി നടപടികളെടുക്കുമെന്നും വക്താവ് പറഞ്ഞു.