ചാരവനിതയുടെ ഹണി ട്രാപ്പില്‍ കുടുങ്ങി; ഐ എസ് ഐക്കു രഹസ്യ വിവരങ്ങള്‍ നല്‍കിയ സൈനികന്‍ അറസ്റ്റില്‍

Posted on: January 13, 2019 11:18 pm | Last updated: January 14, 2019 at 9:57 am

ന്യൂഡല്‍ഹി: പാക് ചാര സംഘടനയായ ഐ എസ് ഐക്കു രാജ്യ സുരക്ഷയുമായി പ്രധാനപ്പെട്ട രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് ഒരു സൈനികോദ്യോഗസ്ഥനെ സൈന്യം അറസ്റ്റു ചെയ്തു. അമ്പതോളം സൈനികര്‍ സംശയത്തിന്റെ നിഴലിലാണ്. ഹരിയാനക്കാരനായ സോംബീറിനെയാണ് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്ന് അറസ്റ്റു ചെയ്തത്.

ചാരവനിത അനിഘ ചോപ്രയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പിലാണ് സൈനികര്‍ കുടുങ്ങിപ്പോയത്. അനിഘയുടെ ഫേസ് ബുക്ക് അക്കൗണ്ട് വഴിയാണ് സോംബീറുമായി ഐ എസ് ഐ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന വിവരങ്ങള്‍ ചാറ്റിംഗിലൂടെ സോംബീര്‍ കൈമാറുകയായിരുന്നു. സൈന്യത്തിന്റെ നഴ്‌സിംഗ് വിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കുള്ള ജീവനക്കാരിയാണ് താനെന്ന് വ്യക്തമാക്കിയാണ് ചാരവനിത തന്ത്രപരമായി വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്.

സംശയമുയര്‍ന്നതിനെ തുടര്‍ന്ന് സോംബീറിനെ ഇന്റലിജന്‍സ് നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയില്‍ സോംബീറിനെ കൂടാതെ അമ്പതോളം പേര്‍ ഹണി ട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായാണ് പ്രാഥമിക വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും അറിയുന്നു.