Connect with us

Ongoing News

'ഫോം ഔട്ട്' റായിഡുവിന് ബൗളിംഗ് ആക്ഷന്‍ കുരുക്കും

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ അമ്പാട്ടി റായിഡുവിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ച് മാച്ച് ഒഫീഷ്യലുകള്‍ ഐ സി സിക്കു റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ റായിഡു രണ്ടാഴ്ചക്കകം പരിശോധനക്കു വിധേയനാകണം. ആസ്‌ത്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഒരു തലത്തിലും ശോഭിക്കാന്‍ കഴിയാതിരുന്ന ഓള്‍റൗണ്ടറായ റായിഡുവിന് ഇതു കനത്ത തിരിച്ചടിയായി.

സ്വന്തം അക്കൗണ്ടില്‍ റണ്ണൊന്നും ചേര്‍ക്കാതെയാണ് റായിഡു പവലിയനിലേക്കു മടങ്ങിയത്. ജേ റിച്ചാര്‍ഡ്‌സിന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു. റിവ്യൂവിനുള്ള ടീമിന്റെ വിലപ്പെട്ട ഒരേയൊരു അവസരം തീര്‍ത്തും അനാവശ്യമായി ഉപയോഗിച്ച് നഷ്ടപ്പെടുത്താനും റായിഡു തയാറായി. മികച്ച നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ധോണിക്കെതിരായ സംശയാസ്പദമായ എല്‍ ബി ഡബ്ല്യു അപ്പീല്‍ അമ്പയര്‍ അനുവദിച്ചപ്പോള്‍ റിവ്യൂ ചെയ്യാന്‍ ഇതുകാരണം ഇന്ത്യക്കായതുമില്ല. അമ്പയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന് ടെലിവിഷന്‍ റീപ്ലേയില്‍ വ്യക്തമാവുകയും ചെയ്തിരുന്നു.

രണ്ട് ഓവറുകള്‍ എറിഞ്ഞ റായിഡു 13 റണ്‍സാണ് എതിരാളികള്‍ക്കു സമ്മാനിച്ചത്. ഫീല്‍ഡിംഗില്‍ ഹാന്‍ഡ്‌സ്‌കോമ്പിന്റെ ക്യാച്ച് പാഴാക്കിയതുള്‍പ്പടെ മോശം പ്രകടനമാണ് റായിഡു കാഴ്ചവച്ചത്.