ശിവേസനയും ഒരുപാടു തരംഗങ്ങള്‍ കണ്ടിട്ടുണ്ട്; മോദി തരംഗമെന്ന പ്രചാരണത്തെ പരിഹസിച്ച് താക്കറെ

Posted on: January 13, 2019 7:20 pm | Last updated: January 13, 2019 at 7:20 pm

മുംബൈ: മുന്‍ സഖ്യ കക്ഷികളെ പരാജയപ്പെടുത്തുമെന്ന പ്രസ്താവിച്ച ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് കണക്കിനു കൊടുത്ത് ശിവസേനാ തലവന്‍ ഉദ്ദവ് താക്കറെ. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ ഇതേവരെ ജനിച്ചിട്ടില്ലെന്ന് മുംബൈയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവെ ഉദ്ദവ് പറഞ്ഞു. രാഷ്ട്രീയ യാത്രകള്‍ക്കിടെ ശിവസേനയും ഒരുപാട് തരംഗങ്ങള്‍ കണ്ടിട്ടുണ്ടെന്നും മോദി തരംഗമെന്ന ബി ജെ പി പ്രചാരണത്തെ പരിഹസിച്ചു കൊണ്ട് അദ്ദേഹം ഓര്‍മപ്പെടുത്തി.

തിരഞ്ഞെടുപ്പു പ്രചാരണത്തിന് മാത്രം രാമക്ഷേത്ര നിര്‍മാണ വിഷയം ഉയര്‍ത്തുന്നവര്‍ക്കെതിരെയാണ് ശിവസേന നിലപാടെടുത്തത്. കോണ്‍ഗ്രസാണ് ക്ഷേത്ര നിര്‍മാണത്തിനു തടസ്സം നില്‍ക്കുന്നതെന്ന് പറയുന്നതിന്റെ ന്യായം മനസ്സിലാവുന്നില്ല. 2014 മുതല്‍ ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവു സ്ഥാനം പോലുമില്ലാത്ത കോണ്‍ഗ്രസിന് എങ്ങനെയാണ് അതിനു കഴിയുക. എന്‍ ഡി എയിലുള്ളവര്‍ തന്നെയാണ് ക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നതെന്നും താക്കറെ ചൂണ്ടിക്കാട്ടി.