ഇന്ത്യക്കാരുടെ ഗള്‍ഫ് കുടിയേറ്റത്തില്‍ വന്‍ ഇടിവ്

Posted on: January 13, 2019 5:52 pm | Last updated: January 13, 2019 at 5:52 pm

ദുബൈ/മുംബൈ: ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി പഠനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ 11 മാസത്തെ കണക്കുകള്‍ മുന്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 21 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 2014 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കുറവ് 62 ശതമാനമാണ്. എമിഗ്രേഷന്‍ ക്ലിയറന്‍സ് രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവാസികളുടെ നിരക്കിലുണ്ടായ കുറവ് വ്യക്തമായത്.

2014ലാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തൊഴിലിനായി ഗള്‍ഫിലേക്ക് പോയത്. ആ വര്‍ഷം 7,75,845 ഇന്ത്യക്കാര്‍ യു എ ഇ, കുവൈത്ത്, ഒമാന്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഖത്വര്‍ എന്നി രാജ്യങ്ങളിലായി എത്തി. എന്നാല്‍, 2018ലിത് 2,95 ലക്ഷമായി കുറഞ്ഞു. 2017ല്‍ 3.74 ലക്ഷം പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കായി എത്തിയിരുന്നു.
2018ലും 2017ലും ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ യു എ ഇയിലേക്കാണ് തൊഴിലിനായി എത്തിയത്. യഥാക്രമം ഇത് 1.03 ലക്ഷവും 1.50 ലക്ഷവുമായിരുന്നു. അതേസമയം, 2014ല്‍ സഊദി അറേബ്യയേയായിരുന്നു ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഇത് യു എ ഇ ആയി മാറിയിട്ടുണ്ട്.

മറ്റ് അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഖത്വറിലേക്കെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിക്കുകയാണ് ചെയ്തത്. 2017ല്‍ 24,759 ഇന്ത്യക്കാരാണ് ഖത്വറിലെത്തിയതെങ്കില്‍ 2018ലിത് 32,492 ആയി ഉയര്‍ന്നു. 31.23 ശതമാനമാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം, ഖത്വറിലേക്കുള്ള ഇന്ത്യക്കാരുടെ ഒഴുക്ക് 2014നെ അപേക്ഷിച്ച് 57.24 ശതമാനം കുറവായിരുന്നു.

2017നെ അപേക്ഷിച്ച് 2018ല്‍ ഒമാനിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 53,332ല്‍ നിന്ന് 32,316 ആയി ഇത് കുറഞ്ഞിട്ടുണ്ട്. 39.4 ശതമാനത്തിന്റെ കുറവാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കുറവ് രേഖപ്പെടുത്തിയത് സഊദി അറേബ്യയിലാണ്. 80 ശതാനത്തിന്റെ കുറവാണ് ഈ കാലയളവില്‍ സഊദി അറേബ്യയിലേക്കുള്ള ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

സഊദി അറേബ്യയിലെ നിതാഖാത്തും ഇതേതുടര്‍ന്ന് മറ്റ് രാജ്യങ്ങളിലുണ്ടായ സ്വദേശിവത്കരണ പദ്ധതികളും ഇന്ത്യക്കാരെ പിന്നോട്ടടുപ്പിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജീവിത ചെലവ് വര്‍ധിച്ചതും ശമ്പളം കുറഞ്ഞതും ഗള്‍ഫ് പ്രവാസത്തെ ഗണ്യമായി ബാധിച്ചു. സ്വദേശി പൗരന്മാരെ സ്വകാര്യ, സര്‍ക്കാര്‍ കമ്പനികളില്‍ നിയമിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചുവെന്നും ഇതാണ് ഇത്തരത്തിലൊരു കുറവ് രേഖപ്പെടുത്താന്‍ കാരണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. ക്രൂഡ് ഓയിലിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ്‌വ്യവസ്ഥകളില്‍ മാറ്റമുണ്ടായതും തിരിച്ചടിയായതായി അവര്‍ വ്യക്തമാക്കുന്നു.