ചാലക്കുടിയും തൃശൂരും തിരിച്ചുപിടിക്കാന്‍ കരുതലോടെ കോണ്‍ഗ്രസ്

Posted on: January 13, 2019 5:46 pm | Last updated: January 13, 2019 at 5:46 pm

തിരുവനന്തപുരം: സ്ഥാനാര്‍ഥി വെച്ചുമാറ്റം മൂലം നഷ്ടപ്പെട്ട ചാലക്കുടി, തൃശൂര്‍ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കരുതലോടെ കോണ്‍ഗ്രസ് നീക്കം തുടങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവസാന സമയം തൃശൂര്‍- ചാലക്കുടി സ്ഥാനാര്‍ഥികളെ പരസ്പരം വെച്ചുമാറിയതിന് പിന്നാലെ ഇരുസീറ്റുകളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍, യു ഡി എഫിന് നിര്‍ണായക ശക്തിയുള്ള ഇരു മണ്ഡലങ്ങളും തിരിച്ചുപിടിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രാദേശികമായ വോട്ട് ബേങ്ക് ലക്ഷ്യമിട്ട് ഇരുമണ്ഡലങ്ങളിലും ജാതി സമവാക്യങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്തവണ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി കടക്കുക. ഇതിനിടെ യു ഡി എഫിന് വിജയ സാധ്യതയുള്ള ഇരു മണ്ഡലങ്ങളിലും പുതുമുഖങ്ങളെ നിര്‍ത്തണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ പാര്‍ലിമെന്ററി സ്ഥാനങ്ങളിലെത്തുന്നവര്‍ മരണംവരെ തുടരുന്ന പ്രവണത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ച് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേക്കുമെന്നാണ് കരുതുന്നത്. ചില നേതാക്കള്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന പതിവ് ഇത്തവണ ഉണ്ടാകില്ലെന്ന മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ പ്രസ്താവന യുവജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഇത് മുന്‍നിര്‍ത്തി ഇരുസീറ്റുകളും പിടിക്കാന്‍ സ്ഥാനാര്‍ഥി മോഹികള്‍ ചരടുവലികള്‍ സജീവമാക്കിയിട്ടുണ്ട്.

എന്നാല്‍ ചാലക്കുടി മണ്ഡലം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ പി ധനപാലന്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. ഇതോടെ തൃശൂരിനായി പി സി ചാക്കോയും നീക്കം തുടങ്ങിയിട്ടുണ്ട്. പല പ്രഗത്ഭരും തൃശൂര്‍ മണ്ഡലത്തില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ചില പ്രത്യേക സമുദായത്തില്‍പെട്ട സ്ഥാനാര്‍ഥികള്‍ മാത്രമാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ളത്. കെ കരുണാകരന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ എ സി ജോസിന് ജയിക്കാന്‍ കഴിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സാമുദായിക സമവാക്യത്തിന് എ ഐ സി സി പ്രഥമ പരിഗണനയായിരിക്കും നല്‍കുക. തൃശൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുവ തുര്‍ക്കികള്‍ക്ക് അവസരം നല്‍കുമ്പോള്‍ കെ പി സി സി അംഗം സി ഐ സെബാസ്റ്റ്യന് മികച്ച പരിഗണന ലഭിച്ചേക്കാം. റോമന്‍ കത്തോലിക് വിഭാഗത്തില്‍പെട്ട സി ഐ സെബാസ്റ്റ്യന് മണ്ഡലത്തില്‍ കൂടുതല്‍ വോട്ട് സമാഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി മാറ്റം പാര്‍ട്ടിയില്‍ വന്‍ വിവാദത്തിനിടയാക്കിയിരുന്നു. ചില നേതാക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വിജയ സാധ്യതയുള്ള രണ്ട് മണ്ഡലങ്ങള്‍ നഷ്ടപ്പെടുത്തിയ നീക്കത്തിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. തൃശൂരിലെ എം പിയായിരുന്ന പി സി ചാക്കോയെ ചാലക്കുടിയിലേക്കും ചാലക്കുടിയെ പ്രതിനിധാനം ചെയ്തിരുന്ന കെ പി ധനപാലനെ തൃശൂരിലേക്കുമാണ് മാറ്റിയിരുന്നത്. തൃശൂരില്‍ ധനപാലനെ സി പി ഐ സ്ഥാനാര്‍ഥി സി എന്‍ ജയദേവനും ചാലക്കുടിയില്‍ പി സി ചാക്കോയെ സിനിമാതാരം ഇന്നസെന്റുമാണ് പരാജയപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെപ്പിലും ജില്ലയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. നിലവില്‍ സി പി ഐയുടെ രാജ്യത്തെ ഏക ലോക്‌സഭാ സീറ്റാണ് തൃശൂര്‍.