‘ഗോ ഹോം, സ്‌റ്റേഡിയം ഫുള്‍ ‘..; രാഹുലിനെ കാണാനെത്തിയ ആയിരങ്ങളോട് ഉദ്യോഗസ്ഥന്‍. വൈറലായി വീഡിയോ

Posted on: January 13, 2019 4:12 pm | Last updated: January 14, 2019 at 12:07 am

ദുബൈ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് യുഎഇയില്‍ ലഭിച്ച വന്‍ വരവേല്‍പ്പ് സ്വദേശത്തും വിദേശത്തും വലിയ വാര്‍ത്തയാണ് സൃഷ്ടിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനത്തിനേക്കാള്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതില്‍ സംഘാടകര്‍ വിജയിച്ചു എന്നാണ് രാഹുലിന്റെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും പുറമെ ഫാസിസ്റ്റ് നിലപാടിനെതിരെയുള്ള പ്രതിഷേധമെന്ന നിലക്ക് മറ്റു പാര്‍ട്ടികളില്‍ നിന്നുള്ളവരും രാഹുല്‍ പങ്കെടുത്ത പരിപാടികള്‍ക്കെത്തിയിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാനും പ്രസംഗം ശ്രവിക്കാനും ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. സ്ത്രീകളും കുട്ടികളും യുവാക്കളും വാര്‍ധക്യമെത്തിയവരുമെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവാതെ വന്നതോടെ വൈകീട്ട് അഞ്ച് മണിയോടെ തന്നെ സംഘാടകര്‍ പ്രവേശനം നിയന്ത്രിക്കുകയായിരുന്നു. നാട്ടിലെ സമ്മേളനങ്ങള്‍ക്ക് സമാനമായി സ്റ്റേഡിയം പരിസരത്തെ റോഡിലും പരിസരപ്രദേശങ്ങളിലുമായി ആളുകളുമായി വന്ന വാഹനങ്ങളുടെ നീണ്ടനിര കാണാമായിരുന്നു. എന്നാല്‍ നൂറുകണക്കിനാളുകള്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ സാധിച്ചില്ല. സ്റ്റേഡിയത്തിലെ സ്ഥിരം ഇരിപ്പിടങ്ങള്‍ക്കു പുറമെ 6500 പ്രത്യേക ഇരിപ്പിടങ്ങള്‍ പിച്ചില്‍ ഒരുക്കിയിരുന്നെങ്കിലും സംഘാടകരുടെ കണക്കുകള്‍ തെറ്റിച്ചാണ് ജനം പരിപാടി വീക്ഷിക്കാനെത്തിയത്. നേരത്തെ പാസ് കൈപ്പറ്റിയവരെ മാത്രമാണ് പിന്നീട് കടത്തിവിട്ടത്. ബാക്കിയുള്ളവര്‍ പുറത്ത് തമ്പടിച്ചു നിന്നു.

ജനത്തിരക്ക് എത്രത്തോളമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഷാഫി പറമ്പില്‍ എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു വീഡിയോ. ഇത് വൈറലാകാനും അധികം സമയം വേണ്ടിവന്നില്ല. സ്‌റ്റേഡിയം നിറഞ്ഞ് കവിഞ്ഞതോടെ അകത്ത് പ്രവേശിക്കാന്‍ കഴിയാത്തവരെ പറഞ്ഞു വിടുന്ന സുരക്ഷാ ജീവനക്കാരുടെ വീഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. വീട്ടില്‍ പോകൂ.. സ്‌റ്റേഡിയം നിറഞ്ഞു എന്ന് ജീവനക്കാരന്‍ വിളിച്ചുപറയുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്നിട്ടും മടങ്ങിപ്പോകാന്‍ തയ്യാറാകാതെ രാഹുലിനെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ആളുകള്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം…