രാമന്‍നായരെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവര്‍ തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നു; കെ മുരളീധരനെ പരിഹസിച്ച് എ പത്മകുമാര്‍

Posted on: January 13, 2019 3:03 pm | Last updated: January 13, 2019 at 8:41 pm

സന്നിധാനം: തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച കെ മുരളീധരന്‍ കോണ്‍ഗ്രസില്‍ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. രാമന്‍നായരെ പോലും കോണ്‍ഗ്രസില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവരാണ് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതെന്നും പത്മകുമാര്‍ പരിഹസിച്ചു. പാര്‍ട്ടികളും മുന്നണികളും മാറിമാറി വന്നയാളായതുകൊണ്ടാണ് മുരളീധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയത്. അവനവന്റെ സ്ഥാനത്തെപ്പറ്റി വലിയ സ്വപ്‌നമുള്ളവര്‍ക്കാണ് ഇങ്ങനെ തോന്നുക. പതിനഞ്ചാം വയസില്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താന്‍. ഇന്നേവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ല. കണ്ണടക്കും കാലത്ത് ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണമെന്നാണ് ആഗ്രഹം. അത് മുരളീധരന് മനസിലാകില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ എ പത്മകുമാറിന് പിണറായി വിജയനെ ഭയമാണെന്നും അദ്ദേഹത്തിന് ഉടന്‍ സിപിഎം വിടേണ്ടി വരുമെന്നും പത്മകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കെ മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് പത്മകുമാറിന്റെ പ്രതികരണം.