പ്രലോഭനത്തിനു വഴങ്ങാത്തത് വര്‍മക്കു വിനയായെന്ന്; സി ബി ഐ സംഭവ വികാസങ്ങളില്‍ പുതിയ വഴിത്തിരിവ്

Posted on: January 13, 2019 8:40 pm | Last updated: January 14, 2019 at 9:57 am

ന്യൂഡല്‍ഹി: സി ബി ഐയിലെ പടലപ്പിണക്കങ്ങളുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. അന്വേഷണ ഏജന്‍സിയിലെ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ റിപ്പോര്‍ട്ട് പിന്‍വലിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടും തയാറാകാത്തതാണ് അലോക് വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിലേക്കു വഴിതെളിച്ചതെന്ന വിവരം പുറത്തുവന്നു. സി ബി ഐയുടെ ഒരു അടുത്ത വക്താവിനെ ഉദ്ധരിച്ച് ദി ടെലഗ്രാഫ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അഴിമതി ആരോപണ വിധേയനായ അസ്താനക്ക് ഡയറക്ടര്‍ സ്ഥാനത്തെത്താനുള്ള നീക്കത്തിന് തടസ്സം സൃഷ്ടിക്കുന്നതായിരുന്നു വര്‍മയുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി അലോക് വര്‍മയെ കണ്ട് റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നും അങ്ങനെ ചെയ്താല്‍ എല്ലാ കാര്യങ്ങളും ശരിയാകുമെന്നും പറഞ്ഞു. എന്നാല്‍ ഈ പ്രലോഭനത്തിന് അലോക് വര്‍മ വഴങ്ങിയില്ലെന്നു മാത്രമല്ല, സി വി സി അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ കോടതി ചുമതലപ്പെടുത്തിയിരുന്ന ജസ്റ്റിസ് എ കെ പട്‌നായിക്കിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വന്ന സി വി സി റിപ്പോര്‍ട്ടാണ് സുപ്രീം കോടതി വിധിയിലൂടെ ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ വര്‍മയെ നീക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയെ പ്രേരിപ്പിച്ചത്. സി വി സി റിപ്പോര്‍ട്ടില്‍ തനിക്കു പങ്കില്ലെന്നാണ് എ കെ പട്‌നായിക് പറയുന്നത്. കെ വി ചൗധരിയോ അലോക് വര്‍മയോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല.

അതിനിടെ, വര്‍മക്കെതിരെ സി ബി ഐ അന്വേഷണത്തിന് സി വി സി ശിപാര്‍ശ ചെയ്തേക്കുമെന്നും സൂചനയുണ്ട്. മാംസവ്യവസായിയായ മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ ഇടപെട്ടുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണിത്. അദ്ദേഹത്തിനെതിരെ വകുപ്പ്തല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് സി വി സി കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കും. രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലിഫോണ്‍ സംഭാഷണങ്ങളാണ് ഇതിന് ആധാരമായിട്ടുള്ളത്. ഖുറേശിക്കെതിരായ കേസില്‍ പേര് പരാമര്‍ശിക്കാതിരിക്കാന്‍ സതീഷ് സന എന്ന വ്യവസായിയില്‍ നിന്ന് അലോക് വര്‍മ രണ്ട് കോടി കൈക്കൂലി വാങ്ങിയെന്ന് രാകേഷ് അസ്താന ആരോപിച്ചിരുന്നു.

അലോക് വര്‍മക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റിസ് എ കെ പട്‌നായിക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അലോക് വര്‍മക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മയെ മാറ്റാന്‍ തിടുക്കം കാട്ടേണ്ടതില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാന മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിന് പിന്നാലെ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. സി ബി ഐയില്‍ ബാഹ്യ ഇടപെടലുകള്‍ ഉള്‍പ്പെടെ നടക്കുന്നുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് രാജി.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ച അലോക് വര്‍മ, സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. സര്‍വീസില്‍ തിരിച്ചെത്തി രണ്ട് ദിവസം പിന്നിടുന്നതിന് മുമ്പാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് ഡയറക്ടറായി നിയമിച്ചത്. പ്രധാന മന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ കെ സിക്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സെലക്ട് കമ്മിറ്റി തീരുമാന പ്രകാരമാണ് വര്‍മയെ നീക്കിയത്.