പാണ്ഡ്യ, രാഹുല്‍ ഔട്ട്; ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍ ഇന്‍

Posted on: January 13, 2019 12:47 pm | Last updated: January 13, 2019 at 12:47 pm

മുംബൈ: ചാനലിലെ അഭിമുഖ പരിപാടിയില്‍ അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക്ക് പാണ്ഡ്യക്കും കെഎല്‍ രാഹുലിനും പകരക്കാരെ പ്രഖ്യാപിച്ച് ബിസിസിഐ. ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. വിജയ് ശങ്കര്‍ ആസ്‌ത്രേലിയക്കെതിരെ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ശുഭ്മാന്‍ ഗില്‍ ന്യൂസിലാന്‍ഡ് പര്യടനത്തിന് മുമ്പേ ടീമിന്റെ ഭാഗമാകുകയുള്ളൂ. ഇരുവര്‍ക്കും ട്വന്റി20 ടീമില്‍ ഇടം ലഭിച്ചിട്ടുണ്ട്.

പത്തൊമ്പതുകാരനായ ശുഭ്മാന്‍ ഗില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീമിലെത്തുന്നത്. കഴിഞ്ഞവര്‍ഷം അണ്ടര്‍ -19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരം ശുഭ്മാന്‍ ഗില്ലായിരുന്നു. പിന്നീട് ഇന്ത്യ എ ടീമിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയും താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വിജയ് ശങ്കര്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്ത്യക്കായി അഞ്ച് ട്വന്റി20 മത്സരങ്ങളില്‍ താരം ജേഴ്‌സിയണിഞ്ഞിട്ടുണ്ട്.

കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പാണ്ഡ്യ മാപ്പു പറഞ്ഞിരുന്നു. പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും നൈറ്റ് പാര്‍ട്ടികളില്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ചെല്ലാം പാണ്ഡ്യ വാചാലനായിരുന്നു. ലോകേഷ് രാഹുലും പാര്‍ട്ടികളില്‍ സ്ത്രീകളോട് പെരുമാറുന്ന രീതി ചാനലിലൂടെ തുറന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണുണ്ടായത്. തുടര്‍ന്ന് ബിസിസിഐ ഇരുവരേയും സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.