ഡല്‍ഹി പുസ്തകമേളയില്‍ എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് പങ്കെടുത്തു

Posted on: January 12, 2019 7:26 pm | Last updated: January 12, 2019 at 7:26 pm

ഷാര്‍ജ: പ്രസാധകരംഗത്തെ അനുഭവങ്ങള്‍ എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് ഡല്‍ഹി പുസ്തകമേളയില്‍ പങ്കുവെച്ചു, മേളയില്‍ ‘വിശിഷ്ടാതിഥി’ നഗരമായി പങ്കെടുക്കുന്ന ഷാര്‍ജയുടെ പവലിയനില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന്‍ (ഇ പി എ) പ്രസാധകരംഗത്തെ സാധ്യതകളും വെല്ലുവിളികളും പങ്കുവെച്ചത്. രാജ്യത്തെ പ്രസാധകമേഖല ശക്തിപ്പെടുത്തുന്നതിന് ഗവണ്‍മെന്റ് നടപ്പാക്കുന്ന നയങ്ങളെക്കുറിച്ച് ഇ പി എ മേധാവി റാഷിദ് അല്‍ കൂസ് സംസാരിച്ചു.

ഷാര്‍ജ യുനെസ്‌കോ വേള്‍ഡ് ബുക്കിന്റെ തലസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ പ്രസാധകരെ യു.എ.ഇ. പുസ്തകവിപണിയിലെ നിക്ഷേപസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും പ്രാദേശിക പ്രസാധകരുമായി സഹകരിക്കാന്‍ അവസരമൊരുക്കുന്നതിനും വഴിയൊരുക്കിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇ പി എ യില്‍ രജിസ്റ്റര്‍ചെയ്ത പ്രസാധകരുടെ എണ്ണം രണ്ടുവര്‍ഷത്തിനുള്ളില്‍ 30-ല്‍ നിന്ന് 130 ആയി ഉയര്‍ന്നു. ലോകോത്തര സംവിധാനങ്ങളും സാങ്കേതികതയുമായി ഒരുങ്ങിയിരിക്കുന്ന ഷാര്‍ജ പബ്ലിഷിങ് സിറ്റി ലോകമെമ്പാടുമുള്ള പ്രസാധകരെയും എഴുത്തുകാരെയും നിക്ഷേപകരെയും ഒരുപോലെ ആകര്‍ഷിക്കുന്നുണ്ട്. കോപ്പിറൈറ്റ്, ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ തുടങ്ങിയ ചട്ടങ്ങള്‍ വഴി ഗവണ്‍മെന്റ് പ്രസാധക വ്യവസായത്തെ സഹായിക്കുന്നുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച സാമ പബ്ലിഷിങ് സ്ഥാപക ഫാത്തിമ അല്‍ ബ്രെയ്ക്കി അഭിപ്രായപ്പെട്ടു. യു എ ഇയിലെ അതിവേഗം വളരുന്ന പ്രസാധക മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള പ്രസാധകരെ ക്ഷണിച്ചു കൊണ്ടാണ് ചര്‍ച്ച അവസാനിച്ചത്.