Connect with us

Gulf

സുഖ്‌യ സായിദ് വര്‍ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി

Published

|

Last Updated

ദുബൈ: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന് കീഴിലുള്ള യു എ ഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്‍ (സുഖ്‌യ) ഒരു വര്‍ഷമായി നടത്തിവന്ന വിവിധ ജീവകാരുണ്യ-സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപ്തി.
ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ് എന്നവയുമായി സഹകരിച്ച് ആറ് സാമൂഹിക പദ്ധതികള്‍ നടപ്പാക്കി. പ്രാദേശിക, അന്തര്‍ദേശീയ അടിസ്ഥാനത്തിലുള്ളവയായിരുന്നു പദ്ധതികള്‍.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ പകര്‍ന്നുതന്ന ശ്രേഷ്ഠമൂല്യങ്ങളുടെയും തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ മാനുഷിക വികസനം, ജീവകാരുണ്യ പ്രവര്‍ത്തനം, സുസ്ഥിരത, വിജ്ഞാനം തുടങ്ങിയവ പ്രതിഫലിക്കുന്നതായിരുന്നു ഒരുവര്‍ഷക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍. സുഖ്‌യ പദ്ധതികള്‍ ഇതുവരെ 34 രാജ്യങ്ങളിലെ 90 ലക്ഷം ജനങ്ങള്‍ക്ക് സഹായകമായിട്ടുണ്ട്.
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച വളണ്ടിയര്‍ ഇനീഷ്യേറ്റീവില്‍ നൂറിലധികം യുവാക്കളും ജീവനക്കാരും പങ്കാളികളായി. യുവസമൂഹത്തിനിടയില്‍ സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനായായിരുന്നു ഇത്. 12 രാജ്യങ്ങളില്‍ 125,000 ജനങ്ങള്‍ക്കായി കുടിവെള്ള പദ്ധതിയും നടപ്പാക്കി. എമിറേറ്റ്‌സ് റെഡ് ക്രസന്റുമായി ചേര്‍ന്നായിരുന്നു ഇത്. പുതിയ കിണറുകളുടെ നിര്‍മാണം, ജല ശുദ്ധീകരണ പ്ലാന്റുകള്‍, ദൂരസ്ഥലങ്ങളിലുടെ കുടിവെള്ള സ്രോതസുകളില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ശൃംഖലകളുടെ നിര്‍മാണം തുടങ്ങിയവയായിരുന്നു പദ്ധതിയില്‍.
ദുബൈയിലേയും അജ്മാനിലെയും തൊഴിലാളികള്‍ക്ക് 100 പോര്‍ട്ടബിള്‍ വാട്ടര്‍ കൂളറുകളും സ്ഥാപിച്ചു. ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ദുബൈ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്, അജ്മാന്‍ മുനിസിപ്പാലിറ്റി, ദാര്‍ അല്‍ ബിര്‍ സൊസൈറ്റി എന്നിവയുമായി ചേര്‍ന്നായിരുന്നു.
കഴിഞ്ഞ റമസാന്‍ കാലയളവില്‍ മസ്ജിദുകളിലേക്കും ഇഫ്താര്‍ ടെന്റുകളിലേക്കും 80 ലക്ഷം കുടിവെള്ള കുപ്പികളും നല്‍കി.

Latest