Connect with us

National

റാഫേലില്‍ പ്രതിപക്ഷ ആക്രമണത്തിന് ശക്തിയേറും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതിയിലുള്ള സെലക്ട് കമ്മിറ്റി  സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക്‌വര്‍മയെ നീക്കുകയും ഇതിന് പിന്നാലെ  വര്‍മ രാജി പ്രഖ്യാപിക്കുകയും ചെയ്തത്  റാഫേല്‍ വിഷയത്തില്‍ പ്രതിപക്ഷമുന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തി പകരും. അലോക് വര്‍മയെ നീക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭയമാണ് തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. റാഫേല്‍  വിഷയത്തില്‍  സി ബി ഐയുടെ കൈയില്‍  ചില രേഖകള്‍ ലഭിച്ചിട്ടുണ്ടെന്നും   അന്വേഷണം പ്രഖ്യാപിക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
ഇതിന് പിന്നാലെ,  റാഫേല്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍  ഹരജി നല്‍കിയ  പ്രശാന്ത് ഭൂഷണുമായും അരുണ്‍ ഷൂരിയുമായും അലോക് വര്‍മ  കൂടിക്കാഴ്ച നടത്തുകയും ചെ്തിരുന്നു.  ഇതോടെയാണ്  സര്‍ക്കാര്‍ ഇടപെട്ട്  വര്‍മയെ ഞെരുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതെന്ന്  കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ളവര്‍ പറയുന്നു. പ്രധാനമന്ത്രിയുടെ വിശ്വസ്ഥനും സി ബി ഐയിലെ രണ്ടാമനുമായ  രാകേഷ് അസ്താനയെ അഴിമതി കേസില്‍ പൂട്ടിയ  ശേഷം റാഫേല്‍ വിഷയത്തില്‍  ഇടപെടാനായിരുന്നു അലോക് വര്‍മയുടെ തീരുമാനമെന്നും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍  വിഷയം പ്രധാനമന്ത്രിയിലേക്ക് എത്തുന്നുവെന്നു കണ്ടതോടെ  രാകേഷ് അസ്താനെക്കതിരെയുള്ള നീക്കത്തിന്റെ പേരില്‍ പ്രധാനമന്ത്രി ഇടപെടുകയായിരുന്നു. രാകേഷ് അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അലോക് വര്‍മക്കെതിരെയുള്ള സി വി സി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ച്  പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍  പേഴ്‌സണല്‍  ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം യോഗം ചേര്‍ന്ന്  വര്‍മയെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കുകയായിരുന്നു.  അലോകിനേയും  അസ്താനയേയും നിര്‍ബന്ധിത  അവധിയില്‍ വിട്ടത്  ചട്ടങ്ങള്‍ മറികടന്നായിരുന്നു.
അലോക് വര്‍മയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ കൂട്ട സ്ഥലം മാറ്റം നടത്തുകയും ചെയ്തു. റാഫേല്‍  ഇടാപാട്  സി ബി ഐ അന്വേഷിക്കും എന്ന സാധ്യത മുന്നില്‍ കണ്ടാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതെന്ന ആരോപണം കോണ്‍ഗ്രസ് അന്നുതന്നെ ഉന്നയിച്ചിരുന്നു. ചട്ടങ്ങള്‍ മറികടന്നുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതോടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള സെലക്ട് കമ്മിറ്റി  യോഗം ചേര്‍ന്ന് നടപടി സ്വീകരിച്ചതും  മോദിയുടെ കൗശലമായിരുന്നു.  സെലക്ട് കമ്മിറ്റിയില്‍  സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായി എത്തിയ ജസ്റ്റിസ് എ കെ സിക്രി പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പ് രേഖപ്പെടുത്തിയതോടെ ഈ കൗശലത്തിന് നിയമപരിരക്ഷ ലഭിച്ചു.
 കമ്മിറ്റിയില്‍ അംഗമായ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയെങ്കിലും ഇത് പരിഗണിച്ചില്ല.  ഭൂരിപക്ഷാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍  അലോക് വര്‍മയെ സി ബി ഐ ഡയറക്ടര്‍  സ്ഥാനത്തു നിന്ന് നീക്കാന്‍  ഉത്തരവിടുകയായിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ നിര്‍ണായക ഘട്ടത്തില്‍ വലിയൊരു പ്രതിസന്ധി മറികടക്കാനായി എന്ന സര്‍ക്കാര്‍ കണക്കുകൂട്ടല്‍  തെറ്റിച്ചാണ് അലോക് വര്‍മ സര്‍വീസില്‍ നിന്നു തന്നെ രാജിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. വിഷയം റാഫേല്‍ തന്നെയാണെന്ന്  വ്യക്തമാക്കിയുള്ള പ്രചാരണങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടു കഴിഞ്ഞു. ഇതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുമെന്ന് വ്യക്തമാണ്.

 

---- facebook comment plugin here -----

Latest