എന്റെ കണ്ണുകളും കാതുകളും നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു; യു എ ഇയില്‍ പ്രവാസി ലക്ഷങ്ങളെ ഇളക്കിമറിച്ച് രാഹുല്‍

Posted on: January 11, 2019 11:31 pm | Last updated: January 12, 2019 at 9:31 am

ദുബൈ: പ്രവാസി ഇന്ത്യക്കാരായ ജനലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യു എ ഇ സന്ദര്‍ശനം. രാഹുലിനെ കാണാനും പ്രസംഗം കേള്‍ക്കാനുമായി യു എ ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനക്കൂട്ടമാണ് ഇന്ന് ഇവിടുത്തെ
അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത്. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനവിരുദ്ധ നടപടികളുമെല്ലാം വിശദീകരിച്ചുള്ള പ്രസംഗം അവരെ ഒന്നടങ്കം ഇളക്കിമറിച്ചു. നഗര വത്കരണവും മികവുറ്റ ഗതാഗത സമ്പ്രദായവുമെല്ലാം പ്രവാസികളില്‍ നിന്നാണ് രാജ്യം പഠിച്ചെടുത്തത്. പ്രവാസികളുടെ ശബ്ദം രാജ്യത്തു പ്രതിഫലിക്കുമെന്ന് ഉറപ്പാണെന്ന രാഹുലിന്റെ പ്രസ്താവനയെ നീണ്ടുനിന്ന കരഘോഷങ്ങളോടെയാണ് അവര്‍ സ്വീകരിച്ചത്.

ഒരു നിലപാടു മാത്രം ശരിയെന്നും മറ്റെല്ലാം തെറ്റാണെന്നുമുള്ള കാഴ്ചപ്പാടു വച്ചു പുലര്‍ത്തുന്നവര്‍ക്ക് ഇന്ത്യയെ പോലൊരു രാജ്യം ഭരിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലും താത്പര്യങ്ങളാലും എന്റെ പ്രിയപ്പെട്ട രാജ്യം ഇന്ന് വിഭജിക്കപ്പെട്ടിരിക്കുകയാണ്. സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു. മനുഷ്യത്വമില്ലാതെ സഹിഷ്ണുതയുണ്ടാകില്ല. വിഭാഗീയതക്കു പകരം ഒറ്റക്കെട്ടായി ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടതുണ്ട്.

തൊഴിലില്ലായ്മയാണ് ഇന്ന് രാഷ്ട്രം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. അതിനെ മറികടക്കാന്‍ സാധിക്കുമെന്ന് ലോകത്തിനു കാണിച്ചുകൊടുക്കാന്‍ നമുക്കു കഴിയണം. ജി എസ് ടിയും നോട്ടു നിരോധനവുമെല്ലാം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ത്തിരിക്കുകയാണ്. അനുദിനം രൂക്ഷമാകുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രകടന പത്രിക തയാറാക്കി വരികയാണ് കോണ്‍ഗ്രസ്. ലോകത്താകെയുള്ള ഇന്ത്യക്കാരുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും അതിനു രൂപം കൊടുക്കുക. യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പ്രവാസികള്‍ എന്നീ വിഭാഗങ്ങളുടെയെല്ലാം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതായിരിക്കും പ്രകടന പത്രിക. ഇന്ത്യയുടെ ഭാവി പ്രവാസികളുടെ കൈകളിലാണ്.

ആദ്യം ഞാനൊരു ഇന്ത്യക്കാരനാണ്. അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ. എന്റെ കണ്ണുകളും കാതുകളും ഹൃദയവുമെല്ലാം നിങ്ങള്‍ക്കു വേണ്ടി തുറന്നിട്ടിരിക്കുകയാണ്. നിങ്ങളെ കേള്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ആഗോള ശക്തിയായ അമേരിക്കയെ വെല്ലുവിളിക്കാന്‍ ഇന്ത്യ, ചൈന എന്നീ രണ്ടു രാഷ്ട്രങ്ങള്‍ക്കു മാത്രമെ കഴിയൂവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മുന്‍ പ്രസിഡന്റ് ഒബാമയുമെല്ലാം പറഞ്ഞത് വെറുതെയല്ല. 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച രാഹുല്‍ ഗാന്ധി അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്നും പ്രഖ്യാപിച്ചു.