Connect with us

National

താറുമാറായി സിബിഐ; ആറ് ഡയറക്ടര്‍മാരെ സ്ഥലം മാറ്റി

Published

|

Last Updated

ന്യൂഡല്‍ഹി: സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റം. ആറ് ജോയിന്റ് ഡയറക്ടര്‍മാരെയാണ് സ്ഥലം മാറ്റിയത്. സിബിഐ വക്താവ് അഭിഷേക് ദയാലിനേയും സ്ഥലം മാറ്റിയിട്ടുണ്ട്. നേരത്തെ, സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീക്കിയതിന് പിന്നാലെ അലോക് വര്‍മ സര്‍വീസില്‍ നിന്ന് രാജിവെച്ചിരുന്നു. ഇന്നലെയാണ് സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ വീണ്ടും നീക്കിയത്. സി ബി ഐ തലപ്പത്തേക്ക് സുപ്രീം കോടതി തിരിച്ച് നിയമിച്ച് രണ്ട് ദിവസം പിന്നിടും മുമ്പ് പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ട് കമ്മിറ്റി അലോക് വര്‍മയുടെ തൊപ്പി വീണ്ടും തെറിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിസ് എ കെ സിക്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് മലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സെലക്ട് കമ്മിറ്റിയാണ് ഇന്നലെ യോഗം ചേര്‍ന്ന് അലോക് വര്‍മയെ സി ബി ഐ സ്ഥാനത്തു നിന്ന് നീക്കിയത്. ഖാര്‍ഗെയുടെ വിയോജിപ്പോടെയാണ് തീരുമാനം കൈക്കൊണ്ടത്. സി ബി ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ വര്‍മയെ ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ് ഡയറക്ടറായി ക്യാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റി നിയമിച്ചിരുന്നു. സി ബി ഐയില്‍ പുതിയ ഡയറക്ടറെ നിയമിക്കുന്നത് വരെ അഡീഷനല്‍ ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിനെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയുണ്ടായി.

അലോക് വര്‍മയെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുന്നതിന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ചൂണ്ടിക്കാണിച്ച കാരണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നുണ്ടെന്നുള്ള സമിതിയിലെ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അലോക് വര്‍മക്കെതിരായ സി വി സി റിപ്പോര്‍ട്ടും ഉന്നതതല സമിതി പരിശോധിച്ചു. യോഗത്തില്‍ 2:1 എന്ന ഭൂരിപക്ഷത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സമിതി അധ്യക്ഷനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ കെ സിക്രിയും അലോക് വര്‍മയെ മാറ്റണമെന്ന നിലപാടെടുത്തപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിയോജിപ്പ് രേഖപ്പെടുത്തി. ആറ് പേജുള്ള വിയോജനക്കുറിപ്പ് അദ്ദേഹം സെലക്ട് കമ്മിറ്റിയില്‍ സമര്‍പ്പിച്ചു. വര്‍മക്കെതിരായ ആരോപണങ്ങളും സി വി സി കണ്ടെത്തലുകളും പ്രതിപാദിച്ചാണ് കുറിപ്പ് നല്‍കിയത്. വര്‍മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്നും സര്‍ക്കാര്‍ ഇടപെടല്‍ കാരണം നഷ്ടമായ 77 സര്‍വീസ് ദിവസങ്ങള്‍ അനുവദിക്കണമെന്നും അദ്ദേഹം വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ അര്‍ധരാത്രിയില്‍ തിടുക്കപ്പെട്ട് യോഗം ചേര്‍ന്ന് വര്‍മയെ മാറ്റിയതിനെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യം പ്രധാനമന്ത്രി, ജസ്റ്റിസ് എ കെ സിക്രി എന്നിവര്‍ തള്ളി.

കഴിഞ്ഞ ഒക്‌ടോബര്‍ 23ന് അര്‍ധരാത്രി ചേര്‍ന്ന യോഗത്തിലാണ് അലോക് വര്‍മക്കെതിരായ നടപടിയുടെ ഭാഗമായി നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഈ ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി റദ്ദാക്കിയത്. കേന്ദ്ര നടപടിക്കെതിരെ അലോക് വര്‍മ സമര്‍പ്പിച്ച ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. സെലക്ട് കമ്മിറ്റിയുടെ ശിപാര്‍ശ ഇല്ലാതെ സി ബി ഐ ഡയറക്ടര്‍ക്കെതിരെ താത്കാലിക നടപടി പോലും സാധ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

വര്‍മക്കെതിരായ പരാതികള്‍ ഒരാഴ്ചക്കകം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി പരിശോധിക്കണമെന്നും ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ജസ്റ്റിസ് എ കെ സിക്രി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടങ്ങിയ സമിതി കഴിഞ്ഞ രണ്ട് ദിവസമായി യോഗം ചേര്‍ന്നത്. സമിതി കഴിഞ്ഞ ഒമ്പതിന് രാത്രിയില്‍ യോഗം ചേര്‍ന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്.
അതിനിടെ, വീണ്ടും ചുമതലയേറ്റെടുത്തതിന് പിന്നാലെ സി ബി ഐയിലെ വിവാദ സ്ഥലം മാറ്റങ്ങള്‍ അലോക് വര്‍മ റദ്ദാക്കിയിരുന്നു. എം കെ സിന്‍ഹ, എ കെ ബസ്സി, എസ് എ ഗുരും തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുടേതടക്കം ഒക്‌ടോബര്‍ 24 മുതല്‍ ജനുവരി എട്ട് വരെയുള്ള സ്ഥലം മാറ്റങ്ങളാണ് റദ്ദാക്കിയിരുന്നത്.

Latest