അലോക് വര്‍മയെ മാറ്റിയത് സര്‍ക്കാറിന്റെ അഴിമതികള്‍ പുറത്തു വരാതിരിക്കാന്‍; നടപടിയെ അപലപിച്ച് സി പി എം

Posted on: January 11, 2019 8:09 pm | Last updated: January 11, 2019 at 9:53 pm

ന്യൂഡല്‍ഹി: അലോക് വര്‍മയെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ സി പി എം പോളിറ്റ് ബ്യൂറോ അപലപിച്ചു. സുപ്രീം കോടതി ഡയറക്ടര്‍ സ്ഥാനത്തു നിയമിച്ചി 48 മണിക്കൂര്‍ പോലും തികയും മുമ്പ് തത്സ്ഥാനത്തു നിന്ന് നീക്കം ചെയ്തത് അംഗീകരിക്കാനാകില്ല. സര്‍ക്കാറിനെതിരെ പ്രതികരിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയുമാണ്. ഇതോടൊപ്പം വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു. സി ബി ഐയുടെ നിയന്ത്രണം ഉറപ്പുവരുത്താനും തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കുന്നതിന് അന്വേഷണ ഏജന്‍സിയെ ഉപയോഗപ്പെടുത്താനുമാണ് സര്‍ക്കാറിന്റെ ഈ നീക്കം.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് കേന്ദ്ര വിജിലന്‍സ് കമ്മീഷണറുടെ സാധുതയില്ലാത്തതും സംശയകരവുമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അലോക് വര്‍മയെ പുറത്താക്കിയത്. ഇതു നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ഇടപെട്ട് വര്‍മയെ വീണ്ടും ഡയറക്ടര്‍ സ്ഥാനത്തു നിയമിക്കാന്‍ ഉത്തരവായത്. എന്നാല്‍, ഈ മാസമവസാനം വിരമിക്കാനിരിക്കുന്ന അദ്ദേഹത്തെ വീണ്ടും നീക്കിയിരിക്കുകയാണ്. സി വി സി റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ സ്വന്തം നിലപാട് വിശദീകരിക്കുന്നതിനുള്ള അവസരം പോലും വര്‍മക്കു കൊടുത്തില്ല. മോദി സര്‍ക്കാറിന്റെ റഫാല്‍ ഉള്‍പ്പടെയുള്ള നിരവധി അഴിമതികള്‍ പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. സി ബി ഐയുടെ വിശ്വാസ്യതയാണ് ഇതിലൂടെ തകര്‍ത്തിരിക്കുന്നത്.

സി ബി ഐക്കു പുറമെ ആര്‍ ബി ഐ, നീതിന്യായ സംവിധാനം, വിവരാവകാശ കമ്മീഷന്‍ തുടങ്ങി എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബി ജെ പി സര്‍ക്കാറിനു വരുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.