പ്രതിച്ഛായാ നഷ്ടം മറികടക്കാന്‍ മുന്നാക്ക സംവരണവുമായി ലീഗ്

Posted on: January 11, 2019 7:32 pm | Last updated: January 11, 2019 at 7:32 pm

കോഴിക്കോട്: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാ ഭേദഗതി മുസ്‌ലിം ലീഗിന് വീണ് കിട്ടിയ ആയുധമാകുന്നു. മുത്വലാഖ് വിഷയത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വോട്ടെടുപ്പില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിച്ഛായാ നഷ്ടം സംവരണ വിഷയം ഉയര്‍ത്തി മറികടക്കാനാണ് ലീഗ് ശ്രമം. മുന്നാക്ക സംവരണ വിഷയം പാര്‍ലിമെന്റില്‍ വന്നപ്പോള്‍ അതിനെ എതിര്‍ത്ത് വോട്ട് ചെയ്ത ലീഗാവട്ടെ കോണ്‍ഗ്രസിന്റെ നിലപാട് ഇക്കാര്യത്തില്‍ നോക്കിയില്ല.

മുത്വലാഖ് വിഷയത്തില്‍ കടുത്ത പ്രതിരോധത്തിലായ ലീഗിന് അതിനെ മറികടക്കാന്‍ സമുദായവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ കിട്ടാതിരിക്കുമ്പോഴാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ ധൃതിയില്‍ പാര്‍ലിമെന്റില്‍ കൊണ്ടുവന്ന മുന്നാക്ക സംവരണ വിഷയം വഴിയില്‍ തടയുന്നത്. മുസ്‌ലിം സംഘടനകളില്‍ നിന്നും പാര്‍ട്ടിയില്‍ നിന്ന് തന്നെയും പഴി കേള്‍ക്കേണ്ടി വന്ന ലീഗ് കിട്ടിയ അവസരം പരമാവധി മുതലെടുക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ നിലപാട് ലീഗിന്റെ ശ്രമങ്ങളെ ദുര്‍ബലമാക്കും.

ലോക്‌സഭയില്‍ വോട്ടെടുപ്പ് വന്നപ്പോള്‍ അസദുദ്ദീന്‍ ഉവൈസിയും ഇ ടി മുഹമ്മദ് ബശീറും പി കെ കുഞ്ഞാലിക്കുട്ടിയും മാത്രമാണ് മുന്നാക്ക സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് വോട്ട് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ലീഗിന്റെ പ്രചാരം കൊഴുക്കുകയാണ്. വരും ദിവസങ്ങളില്‍ ഈ വിഷയം ശക്തമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി നീക്കം നടത്തും. ഇതിന്റെ ഭാഗമായി സംവരണ പ്രശ്‌നം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ ലേഖനം പാര്‍ട്ടി മുഖപത്രത്തിലുള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു.

മുന്നാക്ക സംവരണത്തില്‍ സംഘ്പരിവാര്‍-സി പി എം കൂട്ടുകെട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ലേഖനം പക്ഷേ കോണ്‍ഗ്രസിന്റെ നിലപാടില്‍ എതിര്‍ ശബ്ദം ഉയര്‍ത്താന്‍ തയ്യാറാകുന്നുമില്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് നോക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം. മുന്നാക്ക സംവരണത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് ഇ ടി മുഹമ്മദ് ബശീര്‍ എം പി സിറാജിനോട് പറഞ്ഞു. ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള ഒ ബി സി സംഘടനാ നേതാക്കളെ കണ്ട് കൂടിയാലോചന നടത്തും. സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഉയര്‍ന്ന അഭിഭാഷകരുമായി ഇക്കാര്യം ആലോചിക്കും. പാര്‍ലിമെന്റ് പാസാക്കിയ നിയമമായതിനാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് ലീഗ് നീക്കം.

അതേസമയം, ഈ മാസം 16ന് ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇതുമായി ബന്ധപ്പട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുന്നാക്ക സംവരണ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നത് മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ഇടയാക്കുമെന്നും മുത്വലാഖ് വിഷയത്തിലെ നീരസം ഇല്ലാതാക്കാനാകുമെന്നുമാണ് ലീഗ് കരുതുന്നത്. മുത്വലാഖ് വിഷയത്തിലുണ്ടായ പ്രതിച്ഛായ നഷ്ടം മറികടക്കാന്‍ കഴിഞ്ഞ ദിവസം കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം നടത്താന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിവിധ സംഘടനാ നേതാക്കളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. വിവിധ സംവരണ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാനും തീരുമാനമെടുത്തിരുന്നു. കാലഹരണപ്പെട്ട വിഷയത്തില്‍ ഇപ്പോള്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് മുത്വലാഖ് പ്രശ്‌നത്തിലെ ജാള്യത മറയ്ക്കാനാണെന്ന് വിമര്‍ശമുയര്‍ന്നു. എന്നാല്‍ അതിനിടക്ക് മുന്നാക്ക സംവരണം വീണ് കിട്ടിയതോടെ ഇതുമായി മുന്നോട്ട് പോകാനാണ് ലീഗിന്റെ ആലോചന.