Connect with us

National

രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യും, ബി ജെ പി വീണ്ടും അധികാരത്തിലെത്തും- അമിത് ഷാ

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക തന്നെ ചെയ്യുമെന്ന് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ. അതില്‍ നിന്ന് പിന്നാക്കം പോകുന്ന പ്രശ്‌നമില്ല. ഡല്‍ഹിയില്‍ രാംലീല മൈതാനത്തു നടന്ന ബി ജെ പി ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നിടത്ത് തന്നെയാണ് പുതിയ ക്ഷേത്രം പണിയുക. കോണ്‍ഗ്രസാണ് ക്ഷേത്രത്തിന്റെ കാര്യത്തില്‍ മുഖ്യ പ്രതിബന്ധം സൃഷ്ടിക്കുന്നത്. കോടതിയിലെ കേസ് തീര്‍പ്പാക്കാതെ നിര്‍മാണം നീട്ടിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

കേന്ദ്രത്തില്‍ വീണ്ടും എന്‍ ഡി എ തന്നെ സര്‍ക്കാര്‍ രൂപവത്കരിക്കും. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് ബി ജെ പിയെ സംബന്ധിച്ച വളരെ പ്രധാനമാണ്. തിരഞ്ഞെടുപ്പ് രണ്ടു പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കും. ദേശീയതക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ളതാണ് ബി ജെ പിയുടെ പ്രത്യയശാസ്ത്രം. അതേസമയം, അധികാരത്തിന്റെത് മാത്രമാണ് എതിര്‍ പക്ഷത്ത് നിലകൊള്ളുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്്.

വികസനത്തിലും വിദേശ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലും ഇന്ത്യ മുന്നോട്ടു കുതിക്കുകയാണ്. 40 ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളെ ജി എസ് ടി യില്‍ നിന്ന് ഒഴിവാക്കിയത് ചെറുകിട കച്ചവടക്കാരെ വലിയ സഹായകമാകും. കാലങ്ങളായി രാജ്യത്തെ യുവജനത ആവശ്യപ്പെട്ടു വരുന്ന സാമ്പത്തിക സംവരണ ബില്‍ നടപ്പാക്കാനും മോദി സര്‍ക്കാറിനു കഴിഞ്ഞു.