നൂറ് കണക്കിന് യുവതികള്‍ ശബരിമല ദര്‍ശനം നടത്തി; പോലീസ് സംരക്ഷണയോടെ ഇനിയും നടത്തും: മന്ത്രി എംഎം മണി

Posted on: January 11, 2019 9:22 am | Last updated: January 11, 2019 at 11:34 am

ഇനിയും കൊട്ടാരക്കര: നൂറ് കണക്കിന് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി മന്ത്രി എംഎം മണി. പോലീസ് സംരക്ഷണത്തോടെ ഇനിയും യുവതികള്‍ ദര്‍ശനം നടത്തുമെന്നും കൊട്ടാരക്കരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ മന്ത്രി പറഞ്ഞു. വേണമെങ്കില്‍ അമ്പതിനായിരം യുവതികളെ ശബരിമലയിലെത്തിക്കാന്‍ സിപിഎമ്മിന് കഴിയും. പക്ഷെ അത് സിപിഎമ്മിന്റെ പണിയല്ല.

ശബരിമല അയ്യപ്പന്‍ നേരിട്ട് നിയമിച്ച ആളല്ല തന്ത്രി താനും ആയിഷ പോറ്റി എംഎല്‍എ ഉള്‍പ്പെടെയുള്ള ഹിന്ദു എംഎല്‍എമാരും വോട്ട് ചെയ്തവരാണ് ദേവസ്വം ബോര്‍ഡ് തലപ്പത്തുള്ളത്. ദേവസ്വം ബോര്‍ഡാണ് തന്ത്രിയെ നിയമിച്ചത്. സ്ത്രകള്‍ കയറിയാല്‍ അയ്യപ്പന്റെ വിശ്വാസം തകരുമെന്ന വിശ്വാസം തട്ടിപ്പാണ്. തന്ത്രിക്ക് ഭാര്യയും മക്കളും ഉണ്ട്. എന്നിട്ട് അയ്യപ്പന് വല്ലതും സംഭവിച്ചോയെന്നും മന്ത്രി ചോദിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിധി പാലിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. ലിംഗ സമത്വത്തിന്റെ പേരില്‍ യുവതികള്‍ ദര്‍ശനം നടത്തണമെന്നാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി പറഞ്ഞു.