ജിഎസ്ടി: കേരളത്തിന് പ്രളയ സെസ് ചുമത്താം; രജിസട്രേഷന്‍ പരിധി 40 ലക്ഷമാക്കി

Posted on: January 10, 2019 5:55 pm | Last updated: January 10, 2019 at 9:35 pm

ന്യൂഡല്‍ഹി: പ്രളയാനന്തര പുനര്‍ നിര്‍മാണത്തിനായി ജിഎസ്ടിക്ക് മേല്‍ ഒരു ശതമാനം സെസ് ചുമത്താന്‍ കേരളത്തിന് അനുമതി. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം. രണ്ട് വര്‍ഷത്തേക്കാണ് സെസ് പിരിക്കാന്‍ അനുമതി നല്‍കിയത്. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സെസ് പിരിവിലൂടെ രണ്ട് വര്‍ഷം കൊണ്ട് ആയിരം കോടി രൂപ പിരിക്കാനാകുമെന്നാണ് കേരളം കണക്കുകൂട്ടുന്നത്.

ജിഎസ്ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷം രൂപയില്‍ നിന്ന് 40 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയക്ക് ആശ്വാസം പകരുന്നതാണ് തീരുമാനം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ രജിസ്‌ട്രേഷന്‍ പരിധി പത്ത് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി.

നോട്ട് നിരോധനവും ജിഎസ്ടി നടപ്പാക്കലും മൂലം ചെറുകിട വ്യാപാര മേഖലക്കുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് ജിഎസ്ടി കൗണ്‍സില്‍ നിര്‍ണായക തീരുമാനമെടുത്തത്.