സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; രാഹുല്‍ ഗാന്ധിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

Posted on: January 10, 2019 1:37 pm | Last updated: January 10, 2019 at 6:52 pm

ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. റാഫേല്‍ കരാറുമായി ബന്ധപ്പെട്ട പാര്‍ലിമെന്റില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിരോധമന്ത്രിയായ നിര്‍മല സീതാരാമനെ പ്രതിരോധിക്കാനായി ഏല്‍പ്പിച്ചതിനെതിരെയായിരുന്നു രാഹുലിന്റെ പരിഹാസം.

അന്‍പത്തിയാറ് ഇഞ്ചുകാരനായ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ ഓടി രക്ഷപ്പെടുന്നതനിടെ ഒരു സ്ത്രീയോട് പറഞ്ഞു. സീതാരാമന്‍ജീ എന്നെ പ്രതിരോധിക്കൂ. എനിക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയുന്നില്ല.. എന്ന്. രാജസ്ഥാനില്‍ നടന്ന റാലിക്കിടെ രാഹുല്‍ നടത്തിയ ഈ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന ആക്ഷേപവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ നോട്ടീസ് നല്‍കിയത്.