കൊല്ലം തുളസി കുടുങ്ങി; ജഡ്ജിമാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Posted on: January 10, 2019 12:04 pm | Last updated: January 10, 2019 at 3:20 pm

കൊച്ചി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ മോശം പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സുപ്രീം കോടതി വിധിക്കെതിരായ പരാമര്‍ശം പൊതുജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്നെന്ന് വ്യക്തമാക്കിയ കോടതി കൊല്ലം തുളസിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണമെന്നും നിര്‍ദേശിച്ചു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തുക, സ്തീത്വത്തെ അപമാനിക്കുക, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കുക, അസഭ്യം പറയുക തുടങ്ങിയ കുറ്റങ്ങളാണ് കൊല്ലം തുളസിക്കെതിരെ ചുമത്തിയിരിക്കുന്നത്.

ചവറയില്‍ എന്‍ഡിഎയുടെ ശബരിമല സംരക്ഷണറാലിയില്‍ സംസാരിക്കവേയാണ് കൊല്ലം തുളസി വിവാദ പരാമര്‍ശം നടത്തിയത്. ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്്കാരവുമുള്ളവരാണ്. ശബരിമല സ്ത്രീ പ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവരെ സാക്ഷി നിര്‍ത്തിയായിരുന്നു കൊല്ലം തുളസിയുടെ പ്രസംഗം. പരാമര്‍ശം വിവാദമായതോടെ കൊല്ലം തുളസി മാപ്പ് പറഞ്ഞിരുന്നു. അതൊരു അബദ്ധ പ്രയോഗമായിരുന്നെന്നും ആവേശത്തില്‍ പറഞ്ഞുപോയതാണെന്നായിരുന്നു പിന്നീട് ഇദ്ദേഹത്തിന്റെ പ്രതികരണം.