പശുക്കളെ കൊന്നുവെന്നാരോപിച്ച് കലാപം; സുബോധ്കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

Posted on: January 10, 2019 10:31 am | Last updated: January 10, 2019 at 1:39 pm

ലക്‌നോ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പശുക്കളെ കൊന്നുവെന്നാരോപിച്ച് നടന്ന കലാപത്തിനിടെ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശിഖര്‍ അഗര്‍വാള്‍ എന്നയാളാണ് പിടിയിലായത്. ഹാപൂരില്‍ വെച്ച് ബുലന്ദ്ശഹര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 28ന് സുബോധ് സിംഗിനെ വെടിവെച്ച ടാക്‌സി ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നു. പ്രശാന്ത് നാട്ട് എന്നയാളാണ് അറസ്റ്റിലായത്. താനാണ് സുബോധ് കുമാറിനെ വെടിവെച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചിരുന്നു. ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ശഹറില്‍ പശുവിനെ അറുത്തെന്നാരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കലാപം നടത്തിയതും പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും. കലാപത്തിനിടെ പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു.

പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാര്‍ വെടിയേറ്റ് മരിച്ചത്. അക്രമികള്‍ പോലീസ് എയ്ഡ് പോസ്റ്റും പോലീസ് സ്‌റ്റേഷനും ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. അഖ്‌ലാഖ് വധക്കേസില്‍ 18 പേരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയ ഇന്‍സ്‌പെക്ടറെ മാത്രം ജനക്കൂട്ടം തിരഞ്ഞ് പിടിച്ച് വെടിവച്ച് കൊന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് മേഖലയിലാണ് കലാപമുണ്ടായത്. ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ആളുകള്‍ പശുക്കളെ കശാപ്പ് ചെയ്യുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.