ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് പുതിയ ടീം

Posted on: January 10, 2019 9:11 am | Last updated: January 10, 2019 at 12:06 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ നയിക്കാന്‍ കോണ്‍ഗ്രസിന് പുതിയ ടീം വരും. പുതിയ കെ പി സി സി ഭാരവാഹികളെ 15ന് മുമ്പ് പ്രഖ്യാപിക്കാന്‍ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ധാരണയായി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ പി സി സി അധ്യക്ഷനായതിന് പിന്നാലെ പുനഃസംഘടന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ ആദ്യം ഇതിനോട് താത്പര്യം കാണിച്ചില്ലെങ്കിലും മുല്ലപ്പള്ളിയുടെ കടുത്ത നിലപാടും ഹൈക്കമാന്‍ഡ് നിര്‍ദേശവും വന്നതോടെ അവരും ഇതിന് സന്നദ്ധമാകുകയായിരുന്നു. പുനഃസംഘടന നടത്താന്‍ പിന്നീട് കെ പി സി സി രാഷ്ട്രീയ കാര്യസമിതി തീരുമാനവുമെടുത്തു.

മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി മുകുള്‍വാസ്‌നിക്കുമായി നടത്തിയ ചര്‍ച്ചയിലാണ് 15ന് മുമ്പ് ഭാരവാഹികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഒരുവട്ടം കൂടി ചര്‍ച്ച ചെയ്ത് ഭാരവാഹി പട്ടിക അന്തിമമാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധിയുടെ അംഗീകാരം നേടിയ ശേഷം ഈ മാസം 15ന് മുമ്പായി തന്നെ പ്രഖ്യാപനം നടത്താനാണ് തീരുമാനം. ജംബോ കമ്മറ്റിയെന്ന ആക്ഷേപം ഒഴിവാക്കാന്‍ ഭാരവാഹികളുടെ എണ്ണം കുറക്കും. യുവജന, പിന്നാക്ക, ദളിത്, വനിതാപ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം പാലിക്കേണ്ടതിനാല്‍ പുതുമുഖങ്ങളും ഭാരവാഹി പട്ടികയില്‍ ഇടംപിടിക്കും.

ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കുമ്പോള്‍ ഭാരവാഹികളുടെ എണ്ണം എങ്ങനെ കുറക്കുമെന്നതിലാണ് തര്‍ക്കം. എ ഐ സി സി നേതൃത്വത്തിലേക്ക് പോയവരെ മാറ്റി നിര്‍ത്തിയാല്‍ പോലും നിലവില്‍ 61 ഭാരവാഹികളുണ്ട്. ഇത് പകുതിയായി കുറക്കണമെന്നാണ് മുല്ലപ്പള്ളിയുടെ മനസ്സിലുള്ളതെങ്കിലും എങ്ങനെ വെട്ടിക്കുറക്കുമെന്നതില്‍ കൃത്യമായ ധാരണയുണ്ടാക്കാനായിട്ടില്ല. നേരത്തെ ഡി സി സി പ്രസിഡന്റ് പദത്തില്‍ നിന്ന് മാറ്റിയവരെ ഭാരവാഹികളായി പരിഗണിക്കണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കള്‍ തന്നെ മുന്നോട്ടുവെച്ചിട്ടുണ്ട്.

പ്രസിഡന്റിനും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ക്കും പുറമെ നാല് വൈസ് പ്രസിഡന്റുമാരും 19 ജനറല്‍ സെക്രട്ടറിമാരും 36 സെക്രട്ടറിമാരും ട്രഷററും ഉള്‍പ്പെടുന്നതാണ് നിലവിലെ കമ്മിറ്റി. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വന്നതോടെ വൈസ്പ്രസിഡന്റുമാര്‍ക്ക് പ്രാധാന്യമില്ലാതായി. വി ഡി സതീശന്‍, ലാലി വിന്‍സന്റ്, ഭാരതിപുരം ശശി, എ കെ മണി എന്നിവരാണ് നിലവിലെ വൈസ്പ്രസിഡന്റുമാര്‍. ഇവരില്‍ വി ഡി സതീശനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുപോകാന്‍ ഹൈക്കമാന്‍ഡിന് താത്പര്യമുണ്ട്. മറ്റുള്ളവരെ എങ്ങനെ ഉള്‍പ്പെടുത്തുമെന്നതില്‍ വ്യക്തത വന്നിട്ടില്ല.

പത്ത് വര്‍ഷം പിന്നിട്ട ഭാരവാഹികളെ ഒഴിവാക്കാമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നേരത്തെ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഈ പരിധിയില്‍ വരുന്നവര്‍ എണ്ണത്തില്‍ കുറവായതിനാല്‍ കാര്യമായ മാറ്റം സാധ്യമാകില്ല. 19 ജനറല്‍ സെക്രട്ടറിമാരില്‍ പത്ത് വര്‍ഷ പരിധി കടന്നവര്‍ വെറും ആറ് പേരെയുള്ളൂ. ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ കൂടി വരുമ്പോള്‍ ഇതില്‍ തന്നെ പലരെയും ഒഴിവാക്കേണ്ടി വരും. നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ കൂടുതലും വിശാല ഐ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 11 പേര്‍. അതിനാല്‍, പുനഃസംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്.

36 സെക്രട്ടറിമാരുടെ കാര്യത്തിലും ഏതാണ്ട് ഇത് തന്നെയാണ് സ്ഥിതി. ആറ് പേരൊഴിച്ച് ബാക്കിയെല്ലാവരും പത്ത് വര്‍ഷം തികയാത്തവരാണ്. പാര്‍ലിമെന്ററി രംഗത്ത് അവസരം ലഭിക്കാത്തവരാണ് ഭാരവാഹികളില്‍ ഭൂരിഭാഗവും എന്നതിനാല്‍ പാര്‍ട്ടി ഫോറത്തില്‍ നിന്ന് കൂടി മാറ്റരുതെന്ന ആവശ്യം ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. എന്തായാലും ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കളുടെ അവസാന വട്ട ചര്‍ച്ചകളിലാകും ഇതില്‍ അന്തിമതീരുമാനം ഉണ്ടാകുക.