അലോക് വര്‍മക്കെതിരായ ആരോപണം ഉന്നതാധികാര സമതി പരിശോധിച്ചു; വീണ്ടും യോഗം ചേരും

Posted on: January 9, 2019 10:04 pm | Last updated: January 10, 2019 at 9:45 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത സമതിയോഗം സിബിഐ ഡയറക്ടര്‍ അലോക് വര്‍മക്കെതിരായ ആരോപണത്തില്‍ സിവിസി റിപ്പോര്‍ട്ട് പരിഗണിച്ചു. അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന യോഗത്തില്‍ പ്രതിപക്ഷവ നേതാവ് മല്ലികാര്‍ജുന ഖര്‍ഗെ, സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രി എന്നിവരും പങ്കെടുത്തു.

അലോക് വര്‍മയുടെ ഭാഗംകൂടി കേള്‍ക്കണമെന്ന് ഖര്‍ഗെ യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗം വ്യക്തമായ തീരുമാനത്തില്‍ എത്താത്തതിനാല്‍ സമതി വ്യാഴാഴ്ച വീണ്ടും ചേരാന്‍ തീരുമാനിച്ചു. ചൊവ്വാഴ്ചയാണ് അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയത്. അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിയമിച്ചുവെങ്കിലും നയപരമായ തീരുമാനങ്ങളെടുക്കാന്‍ അധികാരമുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഡയറക്ടറെ സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഉന്നതാധികാര സമതി ഒരാഴ്ചക്കകം ചേരണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സിവിസി റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ അലോക് വര്‍മക്ക് അനുകൂലവും ചിലത് പ്രതികൂലുവുമാണെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചിരുന്നു.