ശരീഅത്ത് ചട്ടം: സത്യവാങ്മൂലം വേണ്ട, പകരം വിസമ്മതപത്രം മതി

Posted on: January 9, 2019 9:48 pm | Last updated: January 10, 2019 at 9:12 am

തിരുവനന്തപുരം: ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യം ലഭ്യമാവാന്‍ മുസ് ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ സര്‍ക്കാര്‍ റദ്ദാക്കി. സത്യവാങ്മൂലത്തിന് പകരം ശരീഅത്ത് നിയമം ബാധകമാക്കേണ്ടെന്ന് ആഗ്രഹിക്കുന്നവര്‍ വിസമ്മത പത്രം നല്‍കിയാല്‍ മതി. എല്ലാ മുസ്ലിംകളും സത്യവാങ്മൂലം നല്‍കണമെന്ന ഉത്തരവിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ നിലപാട് മാറ്റം.

കഴിഞ്ഞ മാസം രണ്ടിനാണ് ഇത് സംബന്ധിച്ച് അസാധാരണ ഗസറ്റില്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു നടപടി. ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കാന്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥയുള്‍പ്പെടുത്തിയാണ് ശരീഅത്ത് നിയമത്തിനുള്ള ചട്ടത്തിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നത്. സത്യവാങ്മൂലത്തില്‍ മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്‍ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്‍ താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്‍പ്പെടുത്തിയിരുന്നു.

1937ല്‍ ബ്രിട്ടീഷ് സര്‍ക്കാറാണ് മുസ്‌ലിം വ്യക്തിനിയമത്തിന് ചട്ടമുണ്ടാക്കിയത്. പിന്നീട് 81 വര്‍ഷങ്ങള്‍ക്കു ശേഷമാണിപ്പോള്‍ ചട്ടങ്ങളുണ്ടാക്കുന്നത്. പലതവണ ഇതുസംബന്ധിച്ച് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഇക്കാര്യമുന്നയിച്ച് കോടതി നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വന്നതിന് പിന്നാലെയാണ് മൂന്ന് മാസത്തിനകം ചട്ടം രൂപവത്കരിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ചട്ടത്തിന് രൂപം നല്‍കിയിരിക്കുന്നത്.

വിവാഹം, ഇഷ്ടദാനം, വഖ്ഫ്, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിലാണ് പ്രധാനമായും ശരീഅത്ത് നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ബാധകമാകുക.