സ്‌കൂള്‍ മാനേജറേയും അധ്യാപകനേയും കൊലപ്പെടുത്താന്‍ ശ്രമം; ബേങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

Posted on: January 9, 2019 9:36 pm | Last updated: January 9, 2019 at 11:26 pm

മലപ്പുറം: പരിയാപുരത്ത് സ്‌കൂള്‍ അധ്യാപകനേയും മാനേജറേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍ മഞ്ചേരി സ്വദേശിയും കരുവാരക്കുണ്ട് കാര്‍ഷിക ഗ്രാമ വികസന ബേങ്ക് ജീവനക്കാരുനുമായ പി രാജേഷാണ് അറസ്റ്റിലായത്. പരിയാപുരം എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സിഎം മുനീര്‍, മാനേജര്‍ ബാബുരാജ് എന്നിവരെയാണ് രാജേഷ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

രാജേഷും ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ്. എല്‍പി സ്‌കൂളില്‍ പഠിക്കുന്ന ഇവരുടെ മകന്‍ മാതാവിനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇന്നലെ സ്‌കൂളിലെത്തിയ രാജേഷ് സ്‌കൂള്‍ വിട്ടപ്പോള്‍ മകനെ കൊണ്ടുപോകാന്‍ ശ്രമിച്ചു. കുട്ടിയെ സ്‌കൂള്‍ ബസില്‍നിന്നും ബലമായി പിടിച്ചിറക്കാന്‍ ശ്രമിച്ചത് കണ്ട് ഓടിയെത്തിയ മുനീറു ബാബുരാജും ചേര്‍ന്ന് രാജേഷിനെ പിടിച്ചുമാറ്റി. ഇത് കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം മുനീറും ബാബുരാജും ബൈക്കില്‍ സ്‌കൂളില്‍നിന്നും മടങ്ങി. പിന്നാലെ കാറിലെത്തിയ രാജേഷ് ഇരുവരേയും ഇടിച്ചു വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്കും കൈക്കും കാലിനും പരുക്കേറ്റ മുനീറും ബാബുരാജും ആശുപത്രിയില്‍ ചികിത്സയിലാണ്.