Connect with us

Gulf

മാനവിക മാതൃക കൊണ്ട് യു എ ഇ ലോകത്തെ അത്ഭുതപ്പെടുത്തും: ശൈഖ് മുഹമ്മദ്‌

Published

|

Last Updated

അബുദാബി: ഉത്തരവാദിത്വങ്ങളില്‍ സമര്‍പിതരും ദേശക്കൂറുള്ളവരും സഹജീവികളോട് സഹിഷ്ണുതയുള്ളവരുമായ ജനതയുടെ മാനവിക മാതൃക കൊണ്ട് സഹിഷ്ണുതാ വര്‍ഷത്തില്‍ യു എ ഇ ലോകത്തെ അത്ഭുതപ്പെടുത്തുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു.

2019ലെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ശൈഖ് മുഹമ്മദ്. ഭാവി കാഴ്ചപ്പാടുകളുടെ കാര്യത്തില്‍ ഡൈനാമിക് ഗവണ്‍മെന്റാണ് യു എ ഇയുടേതെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. കൃത്യമായ ലക്ഷ്യങ്ങളുള്ള വിവിധ ഫെഡറല്‍ അതോറിറ്റികള്‍, സമ്പൂര്‍ണ സമര്‍പിതരായ കഴിവുറ്റ, ടീം സ്പിരിറ്റുള്ള ഉദ്യോഗസ്ഥ വൃന്ദം, പ്രാദേശികവും ദേശീയവുമായ പ്രാധാന്യമുള്ള അജണ്ടകളില്‍ പ്രാമുഖ്യത്തോടെയുള്ള ഇടപെടലുകള്‍ എല്ലാം യു എ ഇ ഗവണ്‍മെന്റിനെ കരുത്തുറ്റതാക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
യു എ ഇ ഭരണകൂടം മുന്നേറ്റത്തിന്റെ ഗവണ്‍മെന്റാണ്. യു എ ഇ ജനത വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവരുമാണ്. നമ്മുടെ മുന്നേറ്റങ്ങള്‍ക്ക് വേഗത കൂടുംതോറും നമ്മുടെ പ്രതീക്ഷകളുടെ വിണ്ണിന്റെ അതിര്‍ത്തിയും ഉയരം പ്രാപിക്കുകയാണ്, ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 2018ലെ മന്ത്രിസഭയുടെ തീരുമാനങ്ങളും നടപടികളും ശൈഖ് മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു കഴിഞ്ഞ ദിവസം 2019ലെ ആദ്യമന്ത്രിസഭാ യോഗം ചേര്‍ന്നത്.

2018ലെ മന്ത്രിസഭയുടെ പ്രധാന തീരുമാനങ്ങളും നിലപാടുകളും പരിശോധിച്ച യോഗം വിഷന്‍ 2021, യു എ ഇ 2071 എന്നിവയുടെ ഒരുക്കങ്ങളെ വിലയിരുത്തി. 21 മന്ത്രിസഭാ യോഗങ്ങളിലായി 669 സുപ്രധാന തീരുമാനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം യു എ ഇ ക്യാബിനറ്റ് നേതൃത്വം നല്‍കി. “എന്റെ കൂടെയുള്ള സംഘത്തില്‍ ഞാന്‍ വിശ്വസ്തനും പ്രതീക്ഷയിലുമാണ്. വരും വര്‍ഷത്തേക്കുള്ള ലക്ഷ്യങ്ങള്‍ തീര്‍ച്ചയായും നാം സാക്ഷാത്കരിച്ചിരിക്കും. വിഷന്‍ 2021 ലക്ഷ്യം കാണും. ഇമാറാത്തിന്റെയും ഇവിടുത്തെ ജനതയുടെയും പ്രതീക്ഷകള്‍ക്ക് യാതൊരറ്റവുമില്ല”, ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു.
ശൈഖ് മുഹമ്മദ് ഭരണ മികവില്‍ 50 വര്‍ഷം പൂര്‍ത്തീകരിച്ച ആഘോഷങ്ങള്‍ കാബിനറ്റ് ആഘോഷിച്ചു. വിവിധ തലങ്ങളില്‍ ശൈഖ് മുഹമ്മദ് വഹിച്ച നേതൃ പാടവത്തിന്റെ സ്മരണകളും കാബിനറ്റ് പങ്കുവെച്ചു.

Latest