Connect with us

Gulf

ദുബൈയില്‍ രാഹുല്‍ ഗാന്ധിയുടെ സാംസ്‌കാരിക സംഗമത്തില്‍ അര ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കും

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 11ന് വെള്ളിയാഴ്ച വൈകിട്ട് നാലിന് ദുബൈ ഇന്റര്‍നാഷ്ണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുഖ്യാതിഥിയായി എത്തുന്ന പരിപാടിയില്‍ 50,000ത്തിലേറെ പേര്‍ പങ്കെടുക്കുമെന്ന് എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യു എ ഇ 2019നെ, സഹിഷ്ണുതാ വര്‍ഷമായി ആചരിക്കുന്ന കാലയളവിലാണ് ഈ സാസ്‌കാരികോത്സവം. സഹിഷ്ണുതക്കായി ഏറെ പോരാടിയ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ പ്രധാന്യം ലോകത്ത് കൂടുതല്‍ വര്‍ധിച്ച സാഹചര്യത്തില്‍, ഇന്ത്യ എന്ന ആശയത്തെ (ഐഡിയ ഓഫ് ഇന്ത്യ ) ആസ്പദമാക്കി രാഹുല്‍ ഗാന്ധി സംസാരിക്കും.

നൂറോളം കലാകാരന്‍മാര്‍ സ്റ്റേജിലെത്തും. കൂടാതെ, ഇന്ത്യയുടെ ഒരേ ഒരു വനിതാ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശിയുമായ അന്തരിച്ച ഇന്ദിരാഗാന്ധിയുമായി യു എ ഇ ഭരണാധികാരികള്‍ കാത്തുസൂക്ഷിച്ച ആത്മബന്ധങ്ങളും വരച്ച് കാട്ടുന്നതാണ് ഈ ചരിത്ര സന്ദര്‍ശനം. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അക്കാലത്ത് ഇന്ദിരാഗാന്ധിയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
ഇപ്രകാരം, ഇന്ത്യയും യുഎ ഇയും തമ്മില്‍ നൂറ്റാണ്ടുകളായുള്ള ചരിത്രവും സംസ്‌കാരവും പാരമ്പര്യവും വാണിജ്യ- വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമിട്ട ഇന്ദിരാഗാന്ധിയുടെ ചെറുമകന്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കുന്ന ഈ സാസ്‌കാരികോത്സവം വേറിട്ടതാക്കാനും സംഘാടകര്‍ ലക്ഷ്യമിടുന്നു.
2019 പുതുവര്‍ഷത്തില്‍, രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന വിദേശത്തെ ആദ്യ പൊതുപരിപാടി കൂടിയാണിത്. നേരത്തെ, അമേരിക്ക, ലണ്ടന്‍, ജര്‍മനി, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലും രാഹുല്‍ഗാന്ധി ഇത്തരത്തില്‍ പൊതുപരിപാടികളില്‍ അഭിസംബോധന ചെയ്തിരുന്നു.
ഇന്ത്യന്‍ ഓവീര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാനും ഇന്ത്യയില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തിത്വം കൂടിയായ ഡോ. സാം പിത്രോഡ സാസ്‌കാരികോത്സവത്തില്‍ അധ്യക്ഷത വഹിക്കും. എല്ലാ എമിറേറ്റുകളില്‍ നിന്നും സൗജന്യ ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഐ ഒ സി സെക്രട്ടറി ഡോ. ആരതി കൃഷ്ണ, ഇന്‍കാസ് പ്രസിഡന്റ് മഹാദേവന്‍, കെ എം സി സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍, പുന്നക്കന്‍ മുഹമ്മദലി, എല്‍വിസ് ചുമ്മാര്‍ പങ്കെടുത്തു.

Latest