ശബരിമല ദര്‍ശനം നടത്തിയതായി ദളിത് നേതാവ് മഞ്ജു

Posted on: January 9, 2019 6:45 pm | Last updated: January 9, 2019 at 8:26 pm

ശബരിമല: ശബരിമല ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് ഒരു യുവതി കൂടി രംഗത്തെത്തി. കൊല്ലം സ്വദേശിനിയും ദളിത് മഹിള ഫെഡറേഷന്‍ നേതാവുകൂടിയായ മഞ്ജുവാണ് ഫേസ്ബുക്ക് പേജിലൂടെ ശബരിമല ദര്‍ശനം നടത്തിയതായി അറിയിച്ചത്. ക്ഷേത്രസന്നിധിയിലേക്ക് നടന്നപോകുന്ന വീഡിയോ സഹിതം ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇക്കാര്യം പറയുന്നത്. അതേ സമയം ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

നേരത്തെ തുലാമാസ പൂജയുടെ നാലാം ദിവസം ശബരിമലയിലെത്തിയ മഞ്ജുവിന് കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ദര്‍ശനം നടത്താനാകാതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ മഞ്ജുവിന്റെ വീടിന് നേരെയും പ്രതിഷേധക്കാര്‍ ആക്രമണം നടത്തിയിരുന്നു. പ്രായമുള്ള സ്ത്രീയായി വേഷം മാറിയാണ് ഇത്തവണ മഞ്ജു ദര്‍ശനം നടത്തിയത്. താന്‍ പോലീസ് സുരക്ഷയില്ലാതെയാണ് ദര്‍ശനം നടത്തിയതെന്നും ദര്‍ശനം നടത്താന്‍ തയ്യാറുള്ള മറ്റുള്ള യുവതികളുമായി ഇനിയും ദര്‍ശനത്തിനെത്തുമെന്നും വീഡിയോ പോസ്റ്റില്‍ മഞ്ജു പറയുന്നുണ്ട്.