മധ്യപ്രദേശ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എം എല്‍ എക്ക് മന്ത്രി സ്ഥാനവും 100 കോടിയും വാഗ്ദാനം ചെയ്തുവെന്ന്

Posted on: January 9, 2019 4:24 pm | Last updated: January 9, 2019 at 6:46 pm

ഭോപാല്‍: മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് എം എല്‍ എക്ക് ബി ജെ പി മന്ത്രി സ്ഥാനവും 100 കോടി രൂപയും വാഗ്ദാനം ചെയ്തതായി ആരോപണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗാണ് ബി ജെ പി എം എല്‍ എ. നാരായണ്‍ ത്രിപാഠിക്കെതിരെ ഈ ആരോപണമുന്നയിച്ചത്.

മൊറേന ജില്ലയിലെ സബല്‍ഗഢ് എം എല്‍ എ. ബൈജ്‌നാഥ് കുശ്വാഹക്കാണ് ത്രിപാഠി വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയതെന്ന് ദിഗ്വവിജയ് സിംഗ് പറഞ്ഞു. കുശ്വാഹയെ നേരിട്ടു കണ്ട ത്രിപാഠി അദ്ദേഹത്തെ പിന്നീട് ഒരു ഭക്ഷണശാലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ മുന്‍ മന്ത്രിമാരായ നരോത്തം മിശ്രയും വിശ്വാസ് സാരംഗും കാത്തിരിക്കുന്നുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാറിനെ മറിച്ചിടാന്‍ മൂവരും ചേര്‍ന്ന് കുശ്വാഹക്ക് 100 കോടിയും ബി ജെ പിക്കു സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിച്ചാല്‍ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്യുകയായിരുന്നു.

എന്നാല്‍ ദിഗ്‌വിജയ് സിംഗിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് നരോത്തം മിശ്ര പറഞ്ഞു. ആരോപണം തെളിയിക്കാന്‍ അദ്ദേഹം തയാറാവണം. അങ്ങനെയുണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കും. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ദിഗ്‌വിജയ് സിംഗിന്റെ ഉദ്ദേശമെന്ന് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവയും പറഞ്ഞു.