‘കേരളം ഭരിക്കുന്നത് തെമ്മാടി വിജയനും 20 കള്ളന്മാരും’: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബി ഗോപാലകൃഷ്ണന്‍

Posted on: January 9, 2019 3:28 pm | Last updated: January 9, 2019 at 3:28 pm

കായംകുളം: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍. തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ അവരുടെ പേരില്‍ കേസെടുക്കുകയാണ് ചെയ്യുന്നത്. ഒന്നല്ല, പത്ത് വട്ടം കേസെടുത്തോളൂ. സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട. മുഖ്യമന്ത്രി പിണറായി വിജയന് ചിത്തഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നത്.

ഇയാള്‍ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ നിന്ന് മുഖ്യമന്ത്രിയിലേക്കുയര്‍ന്നിട്ടില്ല. നേരിട്ട് ഏറ്റുമുട്ടാന്‍ സാധിക്കാത്ത സിപിഎം ഇപ്പോള്‍ ശിഖണ്ഡികളെ മുന്‍ നിര്‍ത്തിയാണ് പോരാടുന്നതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കായംകുളത്ത് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സസാരിക്കവേയാണ് ബി ഗോപാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍. ശബരിമല വിഷയത്തില്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ കര്‍മസമിതി- ബിജെപി പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.