Connect with us

National

അലോക് വര്‍മ സി ബി ഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി: അലോക് വര്‍മ സി ബി ഐ ഡയറക്ടറായി വീണ്ടും ചുമതലയേറ്റു. നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്നാണ് മൂന്നു മാസത്തിനു ശേഷം വര്‍മ സി ബി ഐ ആസ്ഥാനത്തെത്തി ജോലി പുനരാരംഭിച്ചത്.

എന്നാല്‍, അലോക് വര്‍മ നയപരമായ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെട്ട നിയമന സമിതി ഒരാഴ്ചക്കകം യോഗം ചേര്‍ന്ന് ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കണം. ഈമാസം 31ന് വിരമിക്കാനിരിക്കെയാണ് വര്‍മക്ക് അനുകൂലമായ കോടതി വിധി വന്നത്. സി ബി ഐ ഡയറക്ടറുടെ ഇടക്കാല ചുമതലയില്‍ നിന്ന് ജോയിന്റ് ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെ നീക്കിക്കൊണ്ടുള്ള ഉത്തരവും കോടതി പുറപ്പെടുവിച്ചിരുന്നു.

അന്വേഷണ ഏജന്‍സിയുടെ ഉന്നത തലങ്ങളിലെ പോരും വാഗ്വാദങ്ങളും മുറുകിയതിനെ പിന്തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് അലോക് വര്‍മയെയും അഡീഷണല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും സര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ ഇടക്കാലത്ത് മറനീക്കി പുറത്തുവരികയായിരുന്നു. പ്രധാന മന്ത്രിയുടെ വിശ്വസ്തനായ ഗുജറാത്ത് കേഡര്‍ ഐ പി എസ് ഓഫീസറാണ് രാകേഷ് അസ്താന.

Latest