പ്രധാന മന്ത്രി ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ

Posted on: January 9, 2019 12:11 pm | Last updated: January 9, 2019 at 5:03 pm

ന്യൂഡല്‍ഹി: എ ഐ ഡി എം കെ നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ എം തമ്പിദുരൈ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം ബി ജെ പിയെയും കേന്ദ്ര സര്‍ക്കാറിനെയും വെട്ടിലും പ്രതിരോധത്തിലുമാക്കുകയും മറ്റു സഭാംഗങ്ങളെ ഞെട്ടിക്കുകയും ചെയ്തു. ഇന്ത്യയിലെ ജനങ്ങള്‍ക്കെല്ലാം 15 ലക്ഷം രൂപ വീതം നല്‍കുമെന്ന വാഗ്ദാനം പ്രധാന മന്ത്രി നരേന്ദ്ര മോദിയ പാലിച്ചോ എന്നായിരുന്നു തമ്പിദുരൈയുടെ ചോദ്യം. സംവരണ ബില്ലിന്മേല്‍ ചര്‍ച്ച നടക്കുമ്പോഴായിരുന്നു ഇത്.

ബില്ല് അനാവശ്യമാണെന്നും അഴിമതി വര്‍ധിപ്പിക്കാനേ ഉതകൂവെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ കൈക്കൂലി നല്‍കി സാമ്പത്തികമായി പിന്നാക്കമാണെന്ന് വ്യക്തമാക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിക്കും. പാവങ്ങള്‍ക്കുള്ള പദ്ധതികളെല്ലാം പരാജയപ്പെട്ടതു കൊണ്ടാണോ ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നതെന്നും തമ്പിദുരൈ ചോദിച്ചു. ബില്ല് സുപ്രീം കോടതി അസാധുവാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. സാമ്പത്തിക സംവരണ ബില്ലിന്മേല്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് തമ്പിദുരൈ വിട്ടുനിന്നിരുന്നു.