Connect with us

Kerala

ദേശീയ പണിമുടക്ക്; സംസ്ഥാനത്ത് ഇന്നും ട്രെയിനുകള്‍ തടഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂനിയന്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനവും സംസ്ഥാനത്ത് ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരത്ത് വേണാട്, ശബരി എക്‌സ്പ്രസ് ട്രെയിനുകളാണ് സമരാനുകൂലികള്‍ തടഞ്ഞത്. ട്രെയിന്‍ തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി. 40ഓളം മിനുട്ട് വൈകിയാണ് വേണാട് എക്‌സ്പ്രസ് പുറപ്പെട്ടത്. രാവിലെ 7.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ശബരി എക്‌സ്പ്രസ് എട്ട് മണിയോടെയാണ് യാത്ര ആരംഭിച്ചത്. കൊച്ചി കളമശ്ശേരിയില്‍ സമരാനുകൂലികള്‍ കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തടഞ്ഞു.

എറണാകളും നോര്‍ത്ത് സ്‌റ്റേഷനില്‍ പാലരുവി എക്‌സ്പ്രസാണ് തടഞ്ഞത്. പയ്യന്നൂരിലും ട്രെയിനുകള്‍ തടഞ്ഞു. തിരുവനന്തപുരം- മംഗളൂരു മലബാര്‍ എക്‌സ്പ്രസും മംഗലാപുരം- ചെന്നൈ മൈയിലുമാണ് ഇവിടെ തടഞ്ഞത്. കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഓടുന്നില്ല. ഇതോടെ, ജനജീവിതം കൂടുതല്‍ ദുസ്സഹമായി.

വിവിധയിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞതോടെ പൊതുമണിമുടക്കിന്റെ ആദ്യ ദിനമായ ചൊവ്വാഴ്ച സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതം താറുമാറായിരുന്നു. പുലര്‍ച്ചെ മുതല്‍ പുറപ്പെടേണ്ട ട്രെയിനുകളടക്കം സമരാനുകൂലികള്‍ തടഞ്ഞതോടെ ട്രെയിന്‍ യാത്രക്കാര്‍ പെരുവഴിയിലായി.

ബസ് സര്‍വീസുകള്‍ മുടങ്ങിയ സാഹചര്യത്തില്‍ അടിയന്തിര യാത്രകള്‍ക്ക് ട്രെയിനിനെ ആശ്രയിച്ച ആയിരങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. തിരുവനന്തപുരം, ആലപ്പുഴ, തൃപ്പൂണിത്തുറ, എറണാകുളം, ഷൊര്‍ണ്ണൂര്‍, ഒലവക്കോട്, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി, ചെറുവത്തൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ ഇന്നലെ ട്രെയിനുകള്‍ തടഞ്ഞു.

Latest