Connect with us

National

എന്‍ ഡി എ: ചെറുകക്ഷികള്‍ കൂടൊഴിയുന്നു; ബി ജെ പിക്ക് അസ്വസ്ഥത

Published

|

Last Updated

ലക്‌നോ/ഗുവാഹതി: എന്‍ ഡി എയില്‍ നിന്ന് കൂടുതല്‍ കക്ഷികള്‍ പുറത്തു പോകുന്നതില്‍ ബി ജെ പിക്ക് അസ്വസ്ഥത. പൗരത്വ ഭേദഗതി ബില്‍ വിഷയം ഉയര്‍ത്തി അസാം ഗണ പരിഷത്ത് (എ ജി പി) മുന്നണി വിട്ടതിന് പിറകെ കൂടുതല്‍ കക്ഷികള്‍ ഇതേ നിലപാട് പ്രഖ്യാപിച്ച് രംഗത്തെത്തി. യു പിയിലെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും അപ്‌നാ ദളുമാണ് ഏറ്റവും ഒടുവില്‍ എന്‍ ഡി എ വിടുന്നതായി വ്യക്തമാക്കിയത്. ശിവസേന ശക്തമായ വിമര്‍ശം തുടരുകയാണ്. മുന്നാക്ക സാമ്പത്തിക സംവരണ ബില്ലില്‍ പ്രതിഷേധിച്ചും കൂടുതല്‍ കക്ഷികള്‍ എന്‍ ഡി എ വിടാനുള്ള സാധ്യതയുണ്ട്.
അസാമില്‍ എ ജി പിയുടെ നിലപാട് ചുരുങ്ങിയത് നാല് ലോക്‌സഭാ സീറ്റ് നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാനത്തെ 14 സീറ്റുകളില്‍ ഏഴും എന്‍ ഡി എയുടെ കൈവശമാണ്. എ ജി പിയുടെ സഹകരണം ഇല്ലാതാകുന്നതോടെ ഇതില്‍ നാല് സീറ്റും നഷ്ടപ്പെടും. എ ജി പി ഒറ്റക്ക് മത്സരിക്കുകയാണെങ്കില്‍ അപ്പര്‍ അസാമിലെ ഒരു സീറ്റാകും നഷ്ടമാകുകയെങ്കില്‍ കോണ്‍ഗ്രസമായി സഹകരിച്ചാല്‍ മൂന്ന് സീറ്റുകളില്‍ കൂടി ബി ജെ പി തോല്‍ക്കുമെന്ന് 2014ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബംഗ്ലാദേശ് അടക്കമുള്ള അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത ഹിന്ദു കുടിയേറ്റക്കാരെ ഇന്ത്യയില്‍ തങ്ങാന്‍ അനുവദിക്കുന്നതാണ് ലോക്‌സഭയില്‍ ഇന്നലെ അവതരിപ്പിച്ച പൗരത്വഭേദഗതി ബില്‍. എന്നാല്‍, അസാം ജനതയുടെ വംശീയ വിശുദ്ധി തകര്‍ക്കുന്നതാണ് ഭേദഗതിയെന്നും അനുവദിക്കില്ലെന്നുമാണ് അസാം ഗണപരിഷത്തും ആള്‍ അസാം സ്റ്റുഡന്റ്‌സ് യൂനിയനുമെല്ലാം വാദിക്കുന്നത്. അസാമിനെ മാത്രം ഉദ്ദേശിച്ചുള്ള ബില്ലല്ല ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വിശദീകരിക്കുന്നുണ്ടെങ്കിലും എ ജി പി അത് ചെവികൊള്ളാന്‍ തയ്യാറായിട്ടില്ല.
2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് എ ജി പി- ബി ജെ പി സഖ്യം നിലവില്‍ വന്നത്. 126 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 61ഉം എ ജി പിക്ക് 14ഉം മറ്റൊരു ഘടകകക്ഷിയായ ബോഡോ പീപ്പിള്‍സ് ഫ്രണ്ടിന് 12ഉം സീറ്റുകളാണുള്ളത്. എ ജി പിയുടെ പിന്തുണ ഇല്ലെങ്കിലും അസാമിലെ എന്‍ ഡി എ ഭരണത്തിന് നിലവില്‍ ഭീഷണിയില്ല.

യു പിയില്‍ എസ് പിയും ബി എസ് പിയും കൈകോര്‍ത്ത് ബി ജെ പിക്കെതിരെ പടയൊരുക്കം നടക്കുമ്പോള്‍ എന്‍ ഡി എ മെലിയുകയാണ്. ചെറു കക്ഷികളോടുള്ള ബി ജെ പിയുടെ നിഷേധാത്മക നിലപാട് മാറ്റിയില്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കുമെന്നാണ് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും അപ്‌നാ ദളും അറിയിച്ചിരിക്കുന്നത്. ഒ ബി സി സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്നുവെന്ന പരാതിയും സുഹല്‍ദേവ് പാര്‍ട്ടി അധ്യക്ഷനും പിന്നാക്കക്ഷേമ മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ബി ജെ പി നേതൃത്വം തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്ന് അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എയിലുണ്ടായിരുന്ന നിരവധി കക്ഷികള്‍ ഈ വര്‍ഷമുണ്ടാകില്ലെന്നുറപ്പാണ്.

ഹരിയാനയില്‍ ഹരിയാനാ ജന്‍ഹിത് കോണ്‍ഗ്രസ് എന്‍ ഡി എ വിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ എം ഡി എം കെയും ഡി എം ഡി കെയും ഇന്ന് എന്‍ ഡി എയിലില്ല. മഹാരാഷ്ട്രയില്‍ സ്വാഭിമാന്‍ പക്ഷേ പുറത്താണ്. നാഗാലാന്‍ഡില്‍ എന്‍ ഡി എഫും ബി ജെ പിയോടൊപ്പമില്ല. ആന്ധ്രയില്‍ തെലുഗു ദേശം പാര്‍ട്ടി എന്‍ ഡി എ വിട്ടത് കനത്ത ആഘാതമാണ്. പശ്ചിമ ബംഗാളില്‍ ഗൂര്‍ഖാ ജന്‍മുക്തി മോര്‍ച്ചയുമായും കശ്മീരില്‍ പി ഡി പിയുമായും ബിഹാറില്‍ ആര്‍ എല്‍ എസ് പിയുമായും കാവി പാര്‍ട്ടിക്കാര്‍ തെറ്റിപ്പിരിഞ്ഞു.

---- facebook comment plugin here -----

Latest