ക്ഷേത്രാചാരങ്ങളുടെ അവകാശം തന്ത്രിക്ക്; സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ ചോദ്യം ചെയ്യാനാകില്ല- താഴമണ്‍ കുടുംബം

Posted on: January 8, 2019 8:50 pm | Last updated: January 8, 2019 at 8:50 pm

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിന്റെ തന്ത്രി പദവി ബി സി 100ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നാണ് തങ്ങള്‍ക്കു ലഭിച്ചിട്ടുള്ളതെന്ന വാദവുമായി താഴമണ്‍ കുടുംബം. തന്ത്രിയാകാനുള്ള അവകാശം കുടുംബപരമായി ലഭിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡിന്റെ നിയമനത്തിന്റെ ഭാഗമായി വരുന്നതല്ലെന്നും താഴമണ്‍ കുടുംബത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

യുവതീ പ്രവേശത്തെ തുടര്‍ന്ന് ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിനെ പിന്തുടര്‍ന്നാണ് കുടുംബം നിലപാട് വ്യക്തമാക്കിയത്.

ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കേണ്ട ചുമതല തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ആ അവകാശത്തെ സര്‍ക്കാറിനോ ദേവസ്വം ബോര്‍ഡിനോ ചോദ്യം ചെയ്യാനാകില്ല. ക്ഷേത്രങ്ങളിലെ അടിയന്തിരങ്ങള്‍ക്ക് പ്രതിഫലമായി ദേവസ്വം ബോര്‍ഡില്‍ നിന്ന് ദക്ഷിണ മാത്രമാണ് തന്ത്രിമാര്‍ സ്വീകരിക്കുന്നതെന്നും അല്ലാതെ ശമ്പളമല്ലെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.