Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയോട് വിശദീകരണമാവശ്യപ്പെട്ട് നോട്ടീസ്

Published

|

Last Updated

വയനാട്: ബിഷപ്പ് ഫ്രാങ്കോക്കെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിയോട് വിശദീകരണം ആവശ്യപ്പെട്ട് മദര്‍ സുപ്പീരിയര്‍ ജനറലിന്റെ നോട്ടീസ്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തതിനും വിശദീകരണം തേടിയിട്ടുണ്ട്. ജനുവരി ഒമ്പതിന് ആലുവയിലെ ആസ്ഥാനത്തെത്തി വിശദീകരണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

എഫ് സി സി കോണ്‍ഗ്രിഗേഷനും സഭക്കും നാണക്കേടുണ്ടാക്കിയെന്നാണ് കത്തിലെ പ്രധാന ആരോപണങ്ങളിലൊന്ന്. ലൂസിയെ പല തവണ വിളിപ്പിച്ചെങ്കിലും വരാന്‍ തയാറായില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, താന്‍ തെറ്റൊന്നും ചെയ്തതായി കരുതുന്നില്ലെന്നും അതുകൊണ്ടു തന്നെ സഭാ ആസ്ഥാനത്ത് ഹാജരാവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോടു പറഞ്ഞു. അനുമതി ചോദിച്ചിട്ടും നല്‍കാതിരുന്നതിനാലാണ് സമരങ്ങളില്‍ ഇറങ്ങാന്‍ ഏകപക്ഷീയ തീരുമാനമെടുത്തതെന്നും അവര്‍ പറഞ്ഞു.

കാര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടും കത്തില്‍ ആരോപണങ്ങളുണ്ട്. ഇക്കാര്യത്തിലും അനുമതി ചോദിച്ചിരുന്നെങ്കിലും എഫ് സി സിയുടെ ഭാഗത്തു നിന്ന് നടപടികളൊന്നും ഉണ്ടായില്ല. ഇതോടെയാണ് അതും സ്വന്തം നിലക്ക് ചെയ്തത്. എഫ് സി സി സന്യാസ സഭാംഗവും വയനാട് ദ്വാരകയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളിലെ അധ്യാപികയുമാണ് സിസ്റ്റര്‍ ലൂസി. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരങ്ങളില്‍ അവര്‍ സജീവമായി പങ്കെടുത്തതിനു പുറമെ, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുകയും പത്രങ്ങളിലും മറ്റും എഴുതുകയും ചെയ്തിരുന്നു.