ശബരിമല യുവതി പ്രവേശനത്തില്‍ രഹസ്യ അജന്‍ഡയുണ്ടോയെന്ന് ഹൈക്കോടതി

Posted on: January 8, 2019 1:25 pm | Last updated: January 8, 2019 at 5:29 pm

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നില്‍ രഹസ്യ അജന്‍ഡ ഉണ്ടോയെന്നു സര്‍ക്കാരിനോടു ഹൈക്കോടതി. ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും വിശ്വാസികളാണോയെന്നും കോടതി ആരാഞ്ഞു. യുവതികളുടെ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കവെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. സര്‍ക്കാറിന് രഹസ്യ അജന്‍ഡയുണ്ടെന്നു പറയുന്നില്ല. എന്നാല്‍ അജന്‍ഡയുള്ളവരെ തിരിച്ചറിയണം. ശബരിമലയില്‍ പ്രവേശിച്ച യുവതികള്‍ വിശ്വാസികളാണോ എന്നും കോടതി ആരാഞ്ഞു. ഇതു സംബന്ധിച്ച വിശദീകരണം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമല സര്‍ക്കാരിനോ സമരക്കാര്‍ക്കോ വ്യക്തികള്‍ക്കോ പ്രകടനം നടത്താനുള്ള സ്ഥലമല്ലെന്നും ഇത് വിശ്വാസികള്‍ക്കുള്ള ഇടമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം മനിതി സംഘം സഞ്ചരിച്ച സ്വകാര്യ വാഹനം നിലക്കലില്‍നിന്നു കടത്തിവിട്ട വിഷയത്തില്‍ സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചില്ല. നില്ക്കലില്‍ ഇവരെ ഇറക്കി കെഎസ്ആര്‍ടിസി ബസില്‍ അയ്ക്കാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്ന വിശദീകരണത്തോടാണ് കോടതി എതിര്‍പ്പു പ്രകടിപ്പിച്ചത്.