കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി; അലോക് വര്‍മയെ മാറ്റിയ നടപടി സുപ്രീം കോടതി റദ്ദാക്കി

Posted on: January 8, 2019 11:15 am | Last updated: January 8, 2019 at 7:09 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മയെ സുപ്രീം കോടതി പുനസ്ഥാപിച്ചു. അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കുകയും അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത കേന്ദ്ര സര്ക്കാര്‍ നടപടി സുപ്രീം കോടതി റദ്ദാക്കി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മറ്റിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നതെന്നതിനാല്‍ ഡയറക്ടറെ മാറ്റുന്നതും കമ്മറ്റിയുടെ അറിവോടെയാകണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അലോക് വര്‍മ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. അതേ സമയം അലോക് വര്‍മക്ക് നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ അധികാരമുണ്ടായിരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 31നാണ് അലോക് വര്‍മയുടെ കാലാവധി തീരുക. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് അര്‍ധരാത്രിയിലാണ് അപ്രതീക്ഷിത ഉത്തരവിലൂടെ അലോക് വര്‍മയെ തല്‍സ്ഥാനത്തുനിന്നും മാറ്റിയത്. അലോക് വര്‍മയും സിബിഐ ഉപ ഡയറക്ടര്‍ രാജേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു നടപടി.