പണിമുടക്കിന് അവധി പറഞ്ഞ് മിഠായിത്തെരുവ് ; നിരവധി കടകള്‍ തുറന്നു

Posted on: January 8, 2019 10:35 am | Last updated: January 8, 2019 at 12:31 pm

കോഴിക്കോട്: ദേശീയ പണിമുടക്ക് ദിവസമായ ഇന്ന് മിഠായിത്തെരുവില്‍ നിരവധി കടകള്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങി. രാവിലെ ഒമ്പത് മണിയോടെയാണ് കടകള്‍ തുറന്നത്. മിഠായിത്തെരുവില്‍ കനത്ത പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇതിന് പുറമെ മേലെ പാളയം, വലിയങ്ങായി എന്നീ വ്യാപാര കേന്ദ്രങ്ങളിലും കന്ന പോലീസ് സുരക്ഷയുണ്ട്.

ദേശീയ പണിമുടക്ക് ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാര സംഘടനകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുറന്ന കടകള്‍ അടപ്പിക്കില്ലെന്ന് സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളും പറഞ്ഞിരുന്നു. അതേ സമയം കോഴിക്കോടിന്റെ മറ്റ് ഭാഗങ്ങളില്‍ വളരെക്കുറച്ച് കടകള്‍ മാത്രമാണ് തുറന്നത്. മിക്ക ഹോട്ടലുകളും അടഞ്ഞു കിടക്കുകയാണ്. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്താത്തതിനാല്‍ തുറന്ന കടകളിലും കച്ചവടം കുറവായിരിക്കുമെന്നാണ് കരുതുന്നത്.