ദ്വിദിന ദേശീയ പണിമുടക്ക് തുടങ്ങി

Posted on: January 8, 2019 7:00 am | Last updated: January 8, 2019 at 10:05 am

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ സംയുക്ത ട്രേഡ് യൂനിയനുകള്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് അര്‍ധരാത്രി ആരംഭിച്ചു. അഖിലേന്ത്യാ കിസാന്‍ സഭ ഭാരത ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിനുകള്‍ തടയുമെന്നും സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നും തെരുവിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളുടെ കാര്യത്തില്‍ വിവേചനത്തോടെ തീരുമാനമെടുക്കുമെന്നും സംയുക്ത ട്രേഡ് യൂനിയന്‍ അറിയിച്ചിരുന്നു. വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങളും വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങളും തടയില്ല. പത്രം, പാല്‍വിതരണം, ആശുപത്രികള്‍, ടൂറിസം എന്നീ മേഖലകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകള്‍ തുറക്കുമെന്ന് വ്യാപാരി സംഘടനകള്‍ അറിയിച്ചിരുന്നു.

വ്യാപാര സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംയുക്ത ട്രേഡ് യൂനിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനം കണക്കിലെടുത്ത് കെ എസ് ആര്‍ ടി സി പമ്പ, നിലയ്ക്കല്‍ ചെയിന്‍ സര്‍വീസുകള്‍ നടത്തും. മറ്റുള്ള സര്‍വീസുകള്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുമെന്ന് കെ എസ് ആര്‍ ടി സി. എം ഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഹര്‍ത്താലുകളില്‍ നിന്നും പണിമുടക്കുകളില്‍ നിന്നും കെ എസ് ആര്‍ ടി സിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ബേങ്കിംഗ്, പോസ്റ്റല്‍, റെയില്‍വേ തുടങ്ങിയ തൊഴില്‍ മേഖലകളിലും പണിമുടക്ക് പ്രതിഫലിക്കും. ടാക്‌സികളും പൊതുവാഹനങ്ങളും പണിമുടക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളികളുടെ അഖിലേന്ത്യാ ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. സംഘടിതമേഖലക്കൊപ്പം തെരുവുകച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികളും പണിമുടക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിനുകള്‍ തടയും.
കേരളത്തില്‍ 19 ട്രേഡ് യൂനിയന്‍ സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.