യു ഡി എഫ്: നവോത്ഥാനത്തിനും ആചാരത്തിനും മധ്യേ

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രസ്താവനകളില്‍ ഈയിടെയായി കണ്ടുവരുന്ന വിസ്മയകരമായ സമാനതകള്‍ നോക്കുക. പ്രസ്താവനകള്‍ പരസ്പരം മാറിപ്പോകുന്ന തലത്തിലാണ് കാര്യങ്ങള്‍. ഇത് പ്രതിപക്ഷത്തിന്റെ മുഴുവന്‍ നയമാണോ അതോ ഇപ്പോഴത്തെ നേതൃത്വത്തിന്റെ മാത്രം നിലപാടാണോ എന്നതും ചോദ്യമാണ്. എന്‍ എസ് എസിന്റെ മാനസപുത്രനായ ഒരാള്‍ പ്രതിപക്ഷ നേതാവാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടായ നിലപാടായി ഇതിനെ വിലയിരുത്താമോ?
Posted on: January 8, 2019 9:00 am | Last updated: January 7, 2019 at 10:39 pm

ശബരിമല വിധിയെ ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് വിശ്വാസത്തെയും ആചാരങ്ങളെയും മുന്‍നിര്‍ത്തി രാഷ്ട്രീയ ലക്ഷ്യത്തോടെ നിലപാട് വിഴുങ്ങുകയും ചെയ്ത സംഘ്പരിവാര്‍ ഒരു ഭാഗത്തും പരമോന്നത കോടതി വിധി നടപ്പാക്കുക വഴി നവോത്ഥാന പ്രക്രിയയുടെ തുടര്‍ച്ച ആഗ്രഹിക്കുന്ന സര്‍ക്കാര്‍ മറു ഭാഗത്തും നില്‍ക്കുമ്പോള്‍ ഇത് രണ്ടിനുമിടയില്‍ നിലപാടില്ലാതെ ഉഴറുകയാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം.

ഒടുവില്‍, ഈ നിലപാടില്ലായ്മ രാഷ്ട്രീയ ഇടം നഷ്ടപ്പെടുത്തുമെന്ന് ബോധ്യമായതോടെ മതത്തിന്റെ പേരില്‍ കലാപം കൂട്ടുന്ന സംഘ്പരിവാറിനെതിരെ കണ്ണടച്ചും സര്‍ക്കാര്‍ നീക്കങ്ങളെ രൂക്ഷമായി എതിര്‍ത്തും രംഗത്തുവന്നിരിക്കുകയാണ് അവര്‍. എന്നാല്‍, ഇതിന്റെ പരിണിത ഫലത്തെ കുറിച്ചോ ദൂരവ്യാപക പ്രത്യാഘാതങ്ങളെ കുറിച്ചോ ആലോചിക്കാതെ സ്വീകരിക്കുന്ന നിലപാട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുമെന്നതിനെ കുറിച്ച് അവര്‍ക്ക് തെല്ലും ആശങ്കയില്ലെന്നതാണ് കൗതുകകരം.

ഹിന്ദുത്വ അജന്‍ഡ മുന്നില്‍ വെച്ച് രാജ്യത്തെ അപ്പാടെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന സംഘ് പരിവാര്‍ ഫാസിസം തങ്ങള്‍ക്ക് വഴങ്ങാത്ത കേരളത്തെ മെരുക്കാന്‍ ആവിഷ്‌കരിക്കുന്ന അജന്‍ഡകള്‍ക്ക് സഹായകമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ അതിനെ നിസ്സാരമായി കാണാനാകില്ല. മറ്റു സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍ നീക്കങ്ങളെ നേരിടാന്‍ കോണ്‍ഗ്രസ് പരീക്ഷിച്ച് പരാജയപ്പെട്ട അതേ മാതൃക തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത്. തീവ്രഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ ഹിന്ദുത്വ പ്രീണനം എന്ന ഉപായം വിവിധ സംസ്ഥാനങ്ങളില്‍ പാളിപ്പോയത് നാം കണ്ടതാണ്. ഗുജറാത്ത് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ പ്രത്യാഘാതവും അനുഭവിച്ചതാണ്. സംഘ്പരിവാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുക എന്ന തന്ത്രം ഒരിടത്തും വിജയം കണ്ടിരുന്നില്ല. എ ടീമുണ്ടാകുമ്പോള്‍ ബി ടീമിന് വലിയ പ്രാധാന്യം ആരും നല്‍കില്ലെന്ന അടിസ്ഥാന പാഠം പോലും ഇവര്‍മനസ്സിലാക്കുന്നില്ല. ഗുജറാത്തിലും യു പിയിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നേരിട്ട തിരിച്ചടികള്‍ കേരള ഘടകം പാഠമാക്കുന്നില്ല.

സംഘ്പരിവാറിനെതിരെ രാജ്യം മുഴുവന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ പ്രീണന നയത്തിലൂടെ നേരിടാമെന്ന യു ഡി എഫ് തന്ത്രത്തിന്റെ വരുംവരായ്കകള്‍ അനുഭവിക്കേണ്ടിവരിക കേരളത്തിലെ ജനങ്ങളായിരിക്കും. ഇത് മുന്‍കൂട്ടി കാണാനോ സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ മറ്റു വഴികള്‍ തേടാനോ പ്രാപ്തരായ നേതൃത്വത്തിന്റെ അഭാവം കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്നുവെന്ന അഭിപ്രായങ്ങള്‍ ശരിവെക്കുന്നതാണ് നിലവിലെ നേതൃത്വത്തിന്റെ നിലപാടുകള്‍.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രസ്താവനകളില്‍ ഈയിടെയായി കണ്ടുവരുന്ന വിസ്മയകരമായ സമാനതകള്‍ നോക്കൂക. പ്രസ്താവനകള്‍ പരസ്പരം മാറിപ്പോകുന്ന തലത്തിലാണ് കാര്യങ്ങള്‍. ഈ വിഷയത്തില്‍ എന്‍ എസ് എസിന്റെ സ്വാധീനം കൂടിയുണ്ട് എന്നത് കാണാതിരിക്കരുത്. സവര്‍ണ രാഷ്ട്രീയത്തെ പരിപാലിക്കുന്ന ഒന്നായി ഇത് പരിണമിക്കുന്നു എന്നതും കാണണം.

കക്ഷി രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പരം ചെളിവാരി എറിയുമെങ്കിലും പൊതുവെ ജനാധിപത്യ സംസ്‌കാരം മുറുകെ പിടിക്കുന്നവരാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ശബരിമല സുപ്രീം കോടതിയുടെ വിധിക്ക് പിന്നാലെ സംസ്ഥാനത്തെ ജനാധിപത്യ കാഴ്ചപ്പാട് തന്നെ വിഭജിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വിശ്വാസികളുടെ ജനാധിപത്യവും ജനങ്ങളുടെ ജനാധിപത്യവും എന്നിങ്ങനെയാണ് അതിനെ വേര്‍തിരിച്ചത്. ഇങ്ങനെ ഒരു സമവാക്യം രൂപപ്പെടുത്താന്‍ ശ്രമിച്ച സംഘ്പരിവാറിന് അതിന് ഊടുംപാവും നല്‍കുന്ന നടപടികളാണ് കേരളത്തില്‍ പ്രതിപക്ഷം സ്വീകരിച്ചത്. ഇതുവഴി വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലാണെങ്കില്‍ കോടതി വിധികളെ മാനിക്കേണ്ടതില്ലെന്ന തലത്തിലേക്ക് പോലും ചര്‍ച്ചകളെ കൊണ്ടെത്തിക്കുന്നതില്‍ സംഘ്പരിവാറിന് പ്രതിപക്ഷം നല്‍കിയെ പിന്തുണ ചെറുതല്ല. ഇക്കൂട്ടത്തില്‍ പ്രഗത്ഭരായ മുന്‍ ഉദ്യാഗസ്ഥരും നിയമ വിദഗ്ധര്‍ വരെ ഉണ്ടെന്നത് ശ്രദ്ധേയമാണ്.

സംഘ്പരിവാര്‍ വാ തുറന്ന് നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് സ്വന്തം റോള്‍ നിര്‍വഹിക്കുന്നതിന് പകരം അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിക്കൊടുക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഇതുവഴി പ്രതിപക്ഷത്തിന്റെ റോള്‍ ഇപ്പോള്‍ ആരാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ കോണ്‍ഗ്രസിന് അല്‍പ്പമൊന്ന് പരിഭ്രമിക്കേണ്ടി വരും. തങ്ങളാണ് പ്രതിപക്ഷമെന്ന് തെളിയിക്കാനുള്ള ബാധ്യത കൂടി ഇപ്പോള്‍ യു ഡി എഫിന് വന്നിരിക്കുകയാണ്.

നിലപാട് പലകുറി വെട്ടിയും തിരുത്തിയും ബി ജെ പി യും ആര്‍ എസ് എസും വിശ്വാസികളുടെ മൊത്തം പേറ്റന്റ് ഏറ്റെടുക്കുമ്പോള്‍ വോട്ട് രാഷ്ട്രീയം ലക്ഷ്യമിട്ട് ഒരു പടികൂടി കടന്ന് വിശ്വാസികളുടെ കുത്തക ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് പ്രതിപക്ഷം നടത്തുന്നത്. സംഘ്പരിവാര്‍ സംഘടനകളാണ് ശബരിമല സംരക്ഷണ മുദ്രാവാക്യവുമായി സുപ്രീംകോടതി വിധിക്കെതിരെ ആദ്യം തെരുവിലിറങ്ങിയത്. പിന്നീട് കോണ്‍ഗ്രസ് അവരുടെ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്നതാണ് കേരളം കണ്ടത്.

ഒരേ വിഷയത്തില്‍ ദേശീയ – സംസ്ഥാന തലങ്ങളില്‍ രണ്ട് നിലപാടുകള്‍ സ്വീകരിക്കുകയും ഇത് വിശദീകരിക്കാന്‍ പാടുപെടുകയും ചെയ്യുകയാണ് കോണ്‍ഗ്രസ്. ഇതുവഴി ലിംഗസമത്വത്തിനും സാമൂഹിക മാറ്റങ്ങള്‍ക്കും വേണ്ടി നില കൊണ്ട പാര്‍ട്ടി നേതാക്കള്‍ വ്യക്തമായ നിലപാട് പോലും പറയാന്‍ കഴിയാതെ ഉഴറുന്നു. സുപ്രീം കോടതി വിധിയെ ദേശീയ നേതൃത്വം ചരിത്ര വിധിയെന്ന് പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവ അശുദ്ധിയില്‍ നിന്ന് മോചനം വന്നിട്ടില്ല. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയാണ് സ്ത്രീ കയറിയിടം ചാണക വെള്ളം തെളിക്കാന്‍ തന്ത്രിക്ക് ചൂല്‍ പിടിച്ചുകൊടുക്കുന്നതെന്ന വിമര്‍ശനത്തെ എങ്ങനെയാണ് കോണ്‍ഗ്രസിന് പ്രതിരോധിക്കാനാകുക?

ശബരിമലയില്‍ സ്ത്രീ പ്രവേശനം നടപ്പാക്കിയാല്‍ സംസ്ഥാനത്തിന്റെ മതേതരത്വത്തിന് കോട്ടം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. 10 തവണ സംസ്ഥാനം ഭരിക്കുകയും ഒമ്പത് തവണ ശക്തമായ പ്രതിപക്ഷമായി നിലയുറപ്പിക്കുകയും ചെയ്തവരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച ഭയന്ന് ബി ജെ പിക്കൊപ്പം ചേര്‍ന്ന് പരിഹസ്യ നിലപാട് സ്വീകരിക്കുന്നത്. ഇത് സംസ്ഥാനത്ത് വലിയ വര്‍ഗീയ ചേരിതിരിവിനാണ് ഇടംനല്‍കുന്നതെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസും ഘടകകക്ഷികളും മനഃപൂര്‍വം വിസ്മരിക്കുന്നു.

അതേസമയം ഈ നിലപാടിലൂടെ ഒരു ശതമാനം വോട്ട് വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് രാഷ്ട്രീയ വിദഗ്ധരാരും കരുതുന്നില്ല. കാരണം ഗുജറാത്തും യു പിയും ഹരിയാനയും അതാണ് പഠിപ്പിക്കുന്നത്. സംഘ്പരിവാറിനെ പ്രതിരോധിക്കാന്‍ ഹിന്ദുത്വ പ്രീണന നയം സ്വീകരിച്ച സംസ്ഥാനങ്ങളിലെല്ലാം ക്രമേണയായി കോണ്‍ഗ്രസിനെ സംഘ്പരിവാര്‍ വിഴുങ്ങുകയായിരുന്നു. ഈ വിപത്തില്‍ നിന്ന് കരകയറാന്‍ ദേശീയ നേതൃത്വം കൈകാലിട്ടടിക്കുമ്പോഴാണ് കേരളത്തിലെ ദീര്‍ഘവീക്ഷണമില്ലാത്ത നേതൃത്വം പരാജയപ്പെട്ട ഉപായങ്ങള്‍ പരീക്ഷിക്കുന്നത്.

അതേസമയം, ആവശ്യത്തിനും അനാവശ്യത്തിനും സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്ന പ്രതിപക്ഷത്തെ പുരോഗമന വാദികളായ യുവ എം എല്‍ എമാരും രംഗത്തില്ല. ഘടകകക്ഷികളുടെ കാര്യവും ഏറക്കുറെ അങ്ങനെ തന്നെ. യു ഡി എഫ് നയത്തില്‍ മുസ്‌ലിം ലീഗ് ആശയക്കുഴപ്പത്തിലാണ്. എന്നാല്‍, ഇത് പ്രതിപക്ഷത്തിന്റെ മുഴുവന്‍ നയമാണോ അതോ ഇപ്പോള്‍ നയിക്കുന്ന ദീര്‍ഘവീക്ഷണമില്ലാത്ത നേതൃത്വത്തിന്റെ മാത്രം നിലപാടാണോ എന്നതും ചോദ്യമാണ്. എന്‍ എസ് എസിന്റെ മാനസപുത്രനായ ഒരാള്‍ പ്രതിപക്ഷ നേതാവാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടായ നിലപാടായി ഇതിനെ വിലയിരുത്താമോ? വി എം സുധീരനായിരുന്നു കെ പി സി സി പ്രസിഡന്റെങ്കില്‍ കാര്യങ്ങള്‍ ഇത്രത്തോളമാകില്ലായിരുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്.