നിഷ്ഠൂര നരബലി വീണ്ടും

Posted on: January 8, 2019 8:45 am | Last updated: January 7, 2019 at 10:30 pm

ഛത്തീസ്ഗഢിലെ രാംകചര്‍ ഗ്രാമത്തില്‍ ഒരു യുവാവ് പെറ്റമ്മയെ വെട്ടിനുറുക്കി രക്തം കുടിച്ച അതിക്രൂരമായ നരബലിയുടെ കഥ കേട്ടാണ് രാജ്യം പുതുവത്സരത്തിലേക്ക് കടന്നത്. കോടാലി ഉപയോഗിച്ചാണ് മകന്‍ ദിലീപ് യാദവ് അമ്മ സുമരിയയെന്ന അമ്പതുകാരിയുടെ കഴുത്തിലും നെഞ്ചിലും തലയിലും വെട്ടിയത്. മുറിവുകളില്‍ നിന്ന് രക്തം പുറത്തുവന്ന് പ്രാണവേദനയില്‍ പുളയവെ കാരുണ്യത്തിന്റെ ലാഞ്ചന പോലും പ്രകടമാകാതെ ദിലീപ് യാദവ് അവരുടെ രക്തം ഊമ്പിക്കുടിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചെറുകഷണങ്ങളായി വെട്ടിനുറുക്കിയശേഷം തീയിലേക്കെറിഞ്ഞു. സംഭവം നടക്കുമ്പോള്‍ അവിചാരിതമായി അവിടെയെത്തിയ അയല്‍ക്കാരി സമീറന്‍ എന്ന സ്ത്രീയാണ് ഈ നിഷ്ഠൂര കൃത്യം പുറം ലോകത്തെ അറിയിച്ചത്.

ദുര്‍മന്ത്രവാദം ചെയ്യുന്ന കുടുംബമായിരുന്നു ദിലീപ് യാദവിന്റെത്. പിതാവും സഹോദരനും മരിച്ചതും ഭാര്യ പിണങ്ങിപ്പോയതും അമ്മ സുമരിയയുടെ ദുര്‍മന്ത്രവാദത്തെ തുടര്‍ന്നായിരുന്നുവെന്നാണ് ഇയാള്‍ വിശ്വസിക്കുന്നത്. ഇതാണ് അമ്മയെ കൊല്ലാന്‍ അയാളെ പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം. ദുര്‍മമന്ത്ര കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ദിലീപ് എല്ലായ്‌പ്പോഴും നരബലിയെക്കുറിച്ച് സംസാരിച്ചിരുന്നതായി ഗ്രാമവാസികള്‍ പറയുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ അയാളുടെ വീട്ടില്‍ നിന്ന് പൂജാസാധനങ്ങളും മാംസാവശിഷ്ടങ്ങളും താന്ത്രിക കര്‍മങ്ങള്‍ക്കായുള്ള പുസ്തകങ്ങളും കണ്ടെടുത്തിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയിട്ട് അധിക കാലമായിട്ടില്ല. 2017 ഏപ്രിലിലാണ് ബംഗാളിലെ പുരുളിയ ജില്ലയില്‍ കാളീ മാതാവിന്റെ പ്രീതിക്കായി നാരായണ്‍ മഹാട്ടോ അമ്മ ഫൂലി മഹാട്ടോയുടെ തലയറുത്തത്. മാതാവിന്റെ തലയറുത്താല്‍ കുടുംബത്തില്‍ ഐശ്വര്യം വരുമെന്ന് കാളീമാതാവ് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കൃത്യം ചെയ്തതെന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞത്. പശ്ചിമ ബംഗാളിലെ ബങ്കുരയില്‍, ഒഡീസയിലെ ബലാംഗീര്‍ ജില്ലയില്‍, കര്‍ണാടകയിലെ സുള്യജില്ലയില്‍, യു പിയിലെ ബാരാബാങ്കി ജില്ലയില്‍, ചെന്നൈ മധുരൈ വാടിപ്പട്ടിയില്‍ തുടങ്ങി ഏതാനും വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നരബലിയുടെ ഇത്തരം നടുക്കുന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നരബലി ആചാരമാക്കിയ പ്രത്യേക വിഭാഗക്കാര്‍ ഇന്നുമുണ്ട് ബിഹാറിലും ബംഗാളിലുമെല്ലാം. പൂര്‍ണ നഗ്‌നരായോ അര്‍ധ നഗ്‌നരായോ ദേഹം മുഴുന്‍ ഭസ്മം പൂശിയാണ് കാളീദേവിയെ ആരാധിക്കുന്ന ഇവരുടെ വിഹാരം. നഖവും മുടിയും വെട്ടില്ല. ജഡ പിടിച്ച് വളര്‍ന്നു കിടക്കും. കുതിരയുടേത് ഒഴിച്ച് എല്ലാ മൃഗങ്ങളുടെയും മാംസവും മനുഷ്യരുടെ തന്നെ ശിരസ്സും മൃതശരീരവും ഭക്ഷിക്കുന്ന ഇവര്‍ മൃതശരീരങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. മരിച്ച സന്യാസിമാരുടെ തലയോട്ടിയില്‍ ഭക്ഷണം കഴിക്കാനും പാനീയങ്ങള്‍ കുടിക്കാനുമാണ് ഇവര്‍ക്ക് താത്പര്യം.

ഭര്‍ത്താവിന്റെ ചിതയിലേക്ക് ഭാര്യയെ എടുത്തിട്ട് ജീവനോടെ കത്തിക്കുന്ന സതി, ആര്‍ത്തവാരംഭത്തോടെ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി ക്ഷേത്രങ്ങളിലേക്ക് തള്ളിവിടുന്ന ദേവദാസി സമ്പ്രദായം, ജാതിയുടെ പേരില്‍ തൊട്ടുകൂടായ്മ, ഹസ്തരേഖ, ചാത്തന്‍സേവ, മഴക്കുവേണ്ടി തവള വിവാഹം, സന്യാസിമാരുടെ പരസ്യമായ നഗ്നപൂജ തുടങ്ങി അന്ധവിശ്വാസങ്ങളുടെ ഒരു കലവറയാണ് ഇന്ത്യ. ഇക്കൂട്ടത്തില്‍ പെട്ടതാണ് ദേവപ്രീതിക്കായി മനുഷ്യനെകൊല്ലുന്ന നരബലി. രാജ്യം ഏറെ വളരുകയും വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ മത്സരിക്കുകയും ചെയ്യവേ ഇന്നും ഇത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് എത്രമാത്രം നാണക്കേടാണ്. ഇന്ത്യയിലെ മുസ്‌ലിം ഭരണ കര്‍ത്താക്കളുടെയും ചില സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും ശ്രമഫലമായി ദുരാചാരങ്ങള്‍ക്ക് കാര്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും ഇന്നും അങ്ങിങ്ങായി നടക്കുന്നുണ്ട് ഇവയില്‍ പലതും. രാജ്യത്തെ തീവ്ര ഹിന്ദുത്വ സര്‍ക്കാറുകള്‍ ഇവയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുന്നു. ‘സതി സാവിത്രി’യെ പ്രകീര്‍ത്തിക്കുന്ന പാഠം ഉത്തരേന്ത്യയിലെ ചില സ്‌കൂളുകളില്‍ പഠിപ്പിച്ചുവരുന്നുണ്ട്. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ അസാമിലെ മയോംഗ് ഗ്രാമില്‍ ദുര്‍മന്ത്രവാദം പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നു.

വിദ്യാസമ്പന്നരുടെ നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം പോലും മുക്തമല്ല ഇത്തരം ദുരാചാരങ്ങളില്‍ നിന്ന്. കേരളത്തിലെ ഇടമലക്കുടി ആദിവാസി സമൂഹത്തില്‍ ഗോത്രദൈവങ്ങളെ പ്രീതിപ്പെടുത്തുവാനായി മൂന്ന് പെണ്‍കുട്ടികളെ ബലി കൊടുത്തതായി ഇയിടെ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മനുഷ്യാവകാശ സാമൂഹിക നീതി കമ്മീഷന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുത്വലാഖ,് ബഹുഭാര്യാത്വം തുടങ്ങി ന്യായയുക്തമായ ആചാരങ്ങളെ ദുരാചാരമായി മുദ്രകുത്തി അതിനെതിരെ വാളെടുക്കുന്നവരും നിയമനിര്‍മാണം നടത്തുന്നവരും ഇത്തരം കൊടിയ ദുരാചാരങ്ങളെ കണ്ടില്ലെന്നു നടിക്കുകയും അതിനെ വിപാടനം ചെയ്യാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുകയുമാണ്. മഹാരാഷ്ട്ര നിയമസഭയില്‍ അന്ധവിശ്വാസ, ദുര്‍മന്ത്രവാദ വിരുദ്ധ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഹിന്ദുത്വ രാഷ്ട്രീയ പാര്‍ട്ടികള്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയാണുണ്ടായത്. കാലത്തിന്റെ പ്രയാണത്തിനനുസൃതമായി രാജ്യത്തെ മുന്നോട്ട് നയിക്കുകയല്ല; ഇരുട്ടിന്റെ യുഗത്തിലേക്ക് തിരിച്ചു നടത്തുകയാണ് ഇവര്‍.