Connect with us

Kerala

ശബരിമല രാഷ്ട്രീയ സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് സി പി എം

Published

|

Last Updated

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശത്തിന് ശേഷമുളള രാഷ്ട്രീയ സംഭവ വികാസങ്ങളെ അതിസൂക്ഷ്്മമായി നിരീക്ഷിച്ച് സി പി എം. ശബരിമലയിലെ സംഭവങ്ങള്‍ക്ക് ശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കില്‍ പാര്‍ട്ടിയുടെ ദേശീയ പാര്‍ട്ടി എന്ന അംഗീകാരത്തെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവ് പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ത്രിപുരയിലും ബംഗാളിലും പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ സാധ്യതയില്ലെന്നും സി പി എം കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.

വനിതാ മതിലിലൂടെ ആര്‍ എസ് എസും ബി ജെ പിയും നടത്തിയ കുപ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ഇടത് മുന്നണിക്കും സി പി എമ്മിനുമായി. ശബരിമല വിഷയത്തിലൂടെ ന്യൂനപക്ഷ വോട്ടുകളും സി പി എം ലക്ഷ്യം വെക്കുന്നു. അതേസമയം, ശബരിമല സംഭവത്തിലൂടെ ഭൂരിപക്ഷ സമുദായ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയുളള ചെറുന്യൂനപക്ഷവും പാര്‍ട്ടിയിലെ ഉന്നത കേന്ദ്രങ്ങളിലുണ്ട്.

യുവതീ പ്രവേശത്തിന്റെ കാര്യത്തില്‍ ധൃതിപിടിച്ച് ഒരു തീരുമാനം വേണ്ടിയിരുന്നില്ലെന്നാണ് അവരുടെ അഭിപ്രായം. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ ശബരിമല യുവതീ പ്രവേശത്തോടെ സര്‍ക്കാറിന് എതിരായതും വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്ന് സി പി എം ഭയപ്പെടുന്നു. എന്നാല്‍ വെളളാപ്പളളി നടേശന്‍ പറയുന്നത് കേള്‍ക്കുന്നത് സംഘടനയിലെ ഒരു ചെറിയ വിഭാഗം മാത്രമാണെന്നത് സി പി എമ്മിനും ഇടത് മുന്നണിക്കും ആശ്വാസം പകരുന്ന കാര്യമാണ്.അതിനാല്‍ ഇടത് മുന്നണിയുടെ പ്രധാന വോട്ട് ബേങ്കായ ഈഴവ സമുദായത്തില്‍ വിളളല്‍ വീഴ്ത്താന്‍ വെളളാപ്പളളിക്ക് കഴിയില്ലെന്ന് ഇടത് മുന്നണി കണക്കുകൂട്ടുന്നു.

അതേസമയം എന്‍ എസ് എസ് എതിരായത് മുന്നണിയുടെ തിരഞ്ഞെടുപ്പ് നേട്ടത്തെ ബാധിക്കുമോയെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അതു കൊണ്ടാണ് നായര്‍ സമുദായാംഗമായ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ രംഗത്തിറക്കി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്ക് ഇടത് മുന്നണി മറുപടി നല്‍കുന്നത്. മാത്രമല്ല വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടിലും ഇടത് മുന്നണി കണ്ണുവെക്കുന്നു. ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ യു ഡി എഫിന് ലഭിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് മുന്നണി. അതു വഴി മലബാറിലും മധ്യകേരളത്തിലും നേട്ടമുണ്ടാക്കാമെന്ന് സി പി എം നേതൃത്വവും ഇടത് മുന്നണിയും കരുതുന്നു.

സി പി എം നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുളള കമ്മിറ്റികളില്‍ വനിതാ മതിലിനും ശബരിമല യൂവതീപ്രവേശവുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കാണ് നിയമസഭാ മണ്ഡലം കമ്മിറ്റികളുടെ ചുമതല.
മണ്ഡലം കമ്മിറ്റികളാണ് പ്രാദേശികാടിസ്ഥാനത്തില്‍ വനിതാ മതിലില്‍ ആളുകളെ പങ്കെടുപ്പിച്ചത്. പൊതുയോഗങ്ങളും നടത്തി. നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിച്ച് തുടങ്ങി. രണ്ടാം ഘട്ട ശില്‍പ്പശാലകള്‍ ആരംഭിച്ചിട്ടുണ്ട്.

Latest