വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു

Posted on: January 7, 2019 9:31 pm | Last updated: January 8, 2019 at 10:06 am

പാലക്കാട്: എരുമേലി വാവരു പള്ളിയില്‍ പ്രവേശിക്കാനെത്തിയ രണ്ട് യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവതികളെയാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ് മക്കള്‍ കക്ഷി എന്ന സംഘടനയില്‍പ്പെട്ടവരാണ് ഇവര്‍ എന്നാണു സൂചന. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ എരുമേലി വാവരു പള്ളിയിലും യുവതികള്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയതെന്നാണ് വിവരം.

ഇവര്‍ എത്തുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തമിഴ് മക്കള്‍ കക്ഷി എന്ന സംഘടന തമിഴ്‌നാട്ടിലെ തീവ്ര ഹിന്ദുസംഘടനയാണ്. കരുതിക്കൂട്ടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ഇതേതുടര്‍ന്ന് വാവര് പള്ളിയില്‍ സുരക്ഷക്കായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം മൂന്ന് പുരുഷന്മാരും ഉണ്ടെന്നാണ് വിവരം. ഇവരുടെ പേര് വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.