ഇന്ത്യ കൊടുത്ത പണി, തായ് കോച്ച് പുറത്ത് !

Posted on: January 7, 2019 8:56 pm | Last updated: January 7, 2019 at 8:56 pm

അബുദബി: ഏഷ്യന്‍ കപ്പിന് ചൂട് പിടിക്കും മുമ്പെ ഒരു പരിശീലകന്‍ പുറത്ത് ! ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയോടേറ്റ വന്‍ തോല്‍വിക്കു പിന്നാലെ തായ്‌ലാന്‍ഡ് കോച്ച് മിലോവന്‍ റജേവാക്കാണ് പുറത്താക്കപ്പെട്ടത്.
ഞായറാഴ്ച രാത്രി നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തായ്‌ലാന്‍ഡിനെ മുക്കിക്കളഞ്ഞത്.
തായ് ഫുട്‌ബോള്‍ അസോസിയേഷനും രാജ്യത്തെ ഫുട്‌ബോള്‍ പ്രേമികളും നിരാശരാണ്. ആദ്യ മത്സരത്തില്‍ വലിയ തോല്‍വി സംഭവിച്ചതിനാല്‍ റജെവാക്കുമായുള്ള കരാര്‍ റദ്ദാക്കുകയാണെന്നും തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റായ പൂംപാന്‍മൗങ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ അസിസ്റ്റന്റ് കോച്ചായ സിറിസക്ക് യോദ്യാതായ്ക്കു താല്‍ക്കാലിക ചുമതല നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഷ്യാ കപ്പില്‍ നോക്കൗട്ട് റൗണ്ട് കണ്ടില്ലെങ്കില്‍ പരിശീലകസ്ഥാനത്തു നിന്നും നീക്കുമെന്ന് തായ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സോംയോത്ത് പൂംപാന്‍മൗംഗ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യക്കെതിരെ വലിയ മാര്‍ജിനില്‍ തോറ്റതോടെ, മറ്റ് മത്സരഫലങ്ങള്‍ക്കൊന്നും കാത്ത് നില്‍ക്കാതെ റജേവാക്കിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റുകയായിരുന്നു.
ഗ്രൂപ്പിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ യുഎഇ, ബഹ്‌റൈന്‍ എന്നിവര്‍ക്കെതിരേ ജയിച്ചാല്‍ നോക്കൗട്ട് റൗണ്ട് സാധ്യത ഉണ്ടെന്നിരിക്കെയാണ് തായ് ഫുട്‌ബോള്‍ അസോസിയേഷന്റെ ശിക്ഷാ നടപടി.