ഹര്‍ത്താല്‍ അക്രമം: അറസ്റ്റ് ആറായിരം കടന്നു

Posted on: January 7, 2019 8:29 pm | Last updated: January 8, 2019 at 10:07 am

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി അഴിച്ചുവിട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് തുടരുന്നു. ഇതുവരെ 6914 പേരാണ് അറസ്റ്റിലായത്. ഇതില്‍ ഭൂരിപക്ഷവും ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 954 പേര്‍ റിമാന്‍ഡിലാണ്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 2182 കേസുകളില്‍ കണ്ടാലറിയാവുന്ന 40000ത്തോളം പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും സി സി ടി വി, വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം കേസുകളും അറസ്റ്റും രേഖപ്പെടുത്തിയിരിക്കുന്നത്. മുഴുവന്‍ ജില്ലകളിലും കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടാകും.