പേരാമ്പ്ര ജുമുഅ മസ്ജിദിന് കല്ലെറിഞ്ഞ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം

Posted on: January 7, 2019 7:56 pm | Last updated: January 7, 2019 at 10:58 pm

കോഴിക്കോട്: പേരാമ്പ്രയില്‍ ജുമുഅ മസ്ജിദിന് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സിപിഎം നേതാവിന് ജാമ്യം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ നേതാവുമായ ചെറുവണ്ണൂര്‍ പന്നിമുക്ക് മാടമുള്ള മാണിക്കോത്ത് അതുല്‍ ദാസി(23)നാണ് ജാമ്യം ലഭിച്ചത്.

പേരാമ്പ്ര ജുമുഅ മസ്ജിദിന് നേരെ കല്ലേറ് നടത്തിയ സി പി എം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പമുള്ളവരും ശ്രമിച്ചത് മതസ്പര്‍ധ വളര്‍ത്താനാണ് എന്നാണ് എഫ് ഐ ആര്‍. ഇരുപതോളം വരുന്ന സി പി എം, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമണത്തില്‍ പങ്കാളികളായി. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് മേപ്പയ്യൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന പേരാമ്പ്ര പള്ളിക്കു നേരെ കല്ലേറുണ്ടായത്. ഇതില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എഫ് ഐ ആറില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രാഷ്ട്രീയ സംഘട്ടനത്തെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.