അബുദാബിയില്‍ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി

Posted on: January 7, 2019 6:58 pm | Last updated: January 7, 2019 at 6:58 pm

അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും കാണാതായ നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ സഊദി അറേബ്യ- യൂ എ ഇ അതിര്‍ത്തി പ്രദേശമായ അല്‍ അസ്ഹയിലെ ചെക്ക് പോസ്റ്റില്‍ വെച്ച് സഊദി അറേബ്യന്‍ അതിര്‍ത്തി രക്ഷാസേന കണ്ടെത്തി. അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ ലിവ റോഡിലെ സ്വകാര്യ ഹോട്ടലില്‍ ഡ്രൈവറായ ഹാരിസിനെ കഴിഞ്ഞ മാസം എട്ട് മുതലാണ് കാണാതായത്. അബുദാബി അല്‍ ശംക യിലെ സഹോദരന്റെ അടുത്ത് പോയി അബുദാബി സിറ്റിയിലേക്ക് തിരിച്ചു വന്ന ഹാരിസിനെ സംബന്ധിച്ച് പിന്നീട് ഒരു വിവരവുമുണ്ടായില്ലെന്ന് സഹോദരന്‍ സുഹൈല്‍ അബുദാബി മിന പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

ജോലി സ്ഥലത്തെ വിസ ക്യാന്‍സില്‍ ചെയ്ത് നാട്ടിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിനിടെയാണ് ഇയാളെ കാണാതായത്. ഹാരിസിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സുഹൈല്‍ അബുദാബി പോലീസ്, യു എ ഇ രഹസ്യാന്വേഷണ വിഭാഗം, അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഹാരിസിനെ അല്‍ അസ്ഹയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. സഊദി അറേബ്യയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവുമായി ബന്ധപ്പെട്ട് ഹാരിസിനെ നാട്ടിലേക്ക് കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് യുഎഇ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയവും ബന്ധുക്കളും.

ഡിസംബര്‍ മാസത്തില്‍ നടന്ന സഹോദരീ പുത്രിയുടെ വിവാഹത്തിന് പങ്കെടുക്കാന്‍ കമ്പനിയോട് ലീവ് ചോദിച്ചിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ വിസ ക്യാന്‍സലാക്കിത്തരാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച് ദിവസം കാത്തിരിക്കാനാണ് കമ്പനി അറിയിച്ചത്. പിന്നീട് ഹാരിസ് നടന്നു സഊദി ബോര്‍ഡറിലെത്തി. രേഖകളില്ലാതെ സൗദി അതിര്‍ത്തി കടന്ന ഹാരിസിനെ അതിര്‍ത്തി സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു അല്‍ അഹ്‌സ സെന്റര്‍ ജയിലിനു കൈമാറി. രേഖകളില്ലാതെ സഊദിയിലേക്ക് നുഴഞ്ഞു കയറി എന്നതാണ് ഇവിടെയുള്ള കേസ്. ഏകദേശം ഒരു മാസമാകുന്നു അല്‍ അഹ്‌സ സെന്റര്‍ ജയില്‍ ഹാരിസ് എത്തിയിട്ട്. ജയിലില്‍ ആഹാരത്തോടു വിമുഖത കാണിക്കുകയും ശാരീരിക അസ്വസ്ഥത കാണുകയും ചെയ്തപ്പോള്‍ ജയില്‍ അധികൃതര്‍ ചികിത്സക്കായി ഹാരിസിനെ അല്‍അഹ്‌സ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെ മലയാളി നഴ്‌സാണ് ഹാരിസിനെ പ്രവേശിപ്പിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. രേഖകള്‍ ശരിയാക്കി ഹാരിസിനെ നാട്ടിലേക്ക് കയറ്റി അയക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അല്‍ അസ്ഹയിലെ സന്നദ്ധ പ്രവര്‍ത്തകരും ഐ സി എഫ് പ്രവര്‍ത്തകരും.